
തിരുവനന്തപുരം:ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്ക് എതിരെയുള്ള നടപടി പിന്‍വലിക്കാന്‍ സഭ തയ്യാറാകണമെന്ന് വനിതാ കമ്മീഷന്‍. സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെയുള്ള നടപടി ഗൗരവത്തില്‍ എടുക്കുന്നുവെന്നും സമരത്തില്‍ പങ്കെടുത്തവരെ അടിച്ചമര്‍ത്താനുള്ള സഭയുടെ നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞിരുന്നു.
കൊച്ചിയില്‍ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ചതിന് പിന്നാലെയാണ് വേദപാഠം, വിശുദ്ധ കുർബാന നൽകൽ, ഇടവക പ്രവർത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സിസ്റ്റര്‍ ലൂസിയെ വിലക്കിയത്. നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമായതോടെ സിസ്റ്റര്‍ ലൂസിയെ വിലക്കിയത് പ്രതികാര നടപടികളുടെ ഭാഗമായല്ലെന്ന് കാരക്കാമല പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വിശദമാക്കിയിരുന്നു.
അതേസമയം സിസ്റ്റര്‍ ലൂസിയെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള നീക്കമാണ് നടപടിയെന്നും ഇത്തരം നീക്കങ്ങളെ അവസാനം വരെ എതിർക്കുമെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടപടികളറിയിച്ച് വീട്ടിലെത്താനിരുന്ന സഭാ പ്രതിനിധികളോട് ഇക്കാര്യത്തിന് വീട്ടിലേക്ക് വരേണ്ടതില്ലെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കുടുംബം. കാസർഗോട് ബെഡൂർ ഇടവകയിൽപ്പെട്ട ഉൾനാടൻ ഗ്രാമത്തിലാണ് സിസ്റ്റർ ലൂസിയുടെ കുടുംബം. ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരവും, അതിൽ കന്യാസ്ത്രീകൾക്ക് പിന്തുണയുമായി മകൾ സമരത്തിൽ പങ്കെടുത്തതും പ്രായമായ അമ്മയടക്കം അതാത് സമയത്ത് അറിയുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam