സ്ത്രീകൾ ബഹിരാകാശത്ത് പോകുന്നു; പിന്നെന്തേ ക്ഷേത്രത്തിൽ കയറികൂടാ: കേന്ദ്രമന്ത്രി രാംവിലാസ് പസ്വാൻ

By Web TeamFirst Published Jan 4, 2019, 10:03 AM IST
Highlights

സ്ത്രീകൾ ബഹിരാകാശത്ത് വരെ പോകുന്നുവെന്നും പിന്നെന്തു കൊണ്ട് അവര്‍ക്ക് ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചു കൂടെന്നും പസ്വാൻ ചോദിച്ചു.

ദില്ലി: ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവർക്കെതിരെ കേന്ദ്രമന്ത്രിയും ലോക് ജൻശക്തി പാർട്ടി അധ്യക്ഷനുമായ രാംവിലാസ് പസ്വാൻ രംഗത്ത്. സ്ത്രീകൾ ബഹിരാകാശത്ത് വരെ പോകുന്നുവെന്നും പിന്നെന്തു കൊണ്ട് അവര്‍ക്ക് ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചു കൂടെന്നും പസ്വാൻ ചോദിച്ചു. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയെ ബി ജെ പി ചിലപ്പോൾ എതിർത്തിട്ടുണ്ടാകാം. എന്നാൽ കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല. രണ്ട് യുവതികളെങ്കിലും കോടതി വിധിക്ക് ശേഷം ക്ഷേത്രത്തിൽ പ്രവേശിച്ചു. അവർ ക്ഷേത്രത്തിൽ പ്രവേശിച്ചപ്പോൾ സർക്കാർ എതിർത്തോ ? നമ്മൾ ബേട്ടി ബച്ചാവോ ബേട്ടി പഠാവേയെക്കുറിച്ച് സംസാരിക്കുന്നു. ലിംഗ വ്യത്യാസത്തിന്റെ പേരിൽ ഒരു വേർതിരിവ് ഉണ്ടാകരുതെന്നും പസ്വാൻ പറഞ്ഞു. 

അയോധ്യയിലെ രാമക്ഷേത്ര വിഷയത്തെപ്പറ്റിയും പസ്വാന്‍ പ്രതികരിച്ചു. രാമക്ഷേത്ര വിഷയത്തിൽ എല്ലാ മതവിഭാഗങ്ങളും സുപ്രീം കോടതി വിധി പാലിക്കണമെന്നും വിധി വരുന്നത് വരെ സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞാൽ പിന്നെ മറ്റൊന്നും ആലോചിക്കേണ്ട കാര്യമില്ലെന്നും പസ്വാൻ പറഞ്ഞു. വിഷയത്തിൽ രാഹുൽ ഗാന്ധി പ്രതികരിക്കണമെന്നും ഓർഡിനസ് വെണമെന്ന ആവശ്യത്തെ താൻ അംഗീകരിക്കുന്നില്ലെന്നും പസ്വാൻ കൂട്ടിച്ചേർ‌ത്തു.

click me!