വിവാദ പ്രസംഗം: കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

By Web TeamFirst Published Oct 12, 2018, 7:46 PM IST
Highlights

ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തുന്ന സ്ത്രീകള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ നടൻ കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

കൊല്ലം: ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തുന്ന സ്ത്രീകള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ നടൻ കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അതേസമയം, തന്‍റെ പരാമര്‍ശത്തില്‍ കൊല്ലം തുളസി  ഖേദം പ്രകടിപ്പിച്ചു.

അതൊരു അബദ്ധപ്രയോഗമാണ്. പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പ്രതികരണമായിരുന്നു അത്. അയ്യപ്പഭക്തന്‍ എന്ന നിലയിലെ ഒരു വേദനയായിരുന്നു പങ്കു വച്ചതെന്ന് കൊല്ലം തുളസി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണം. കീറി ഒരു ഭാഗം  ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമായിരുന്നു കൊല്ലം തുളസിയുടെ വിവാദം പരാമര്‍ശം.  

ശ്രീധരന്‍പിള്ള കൂടിയുണ്ടായിരുന്ന വേദിയായതിനാല്‍ ബിജെപിക്കാരന്‍ എന്ന നിലയിലാണ് ആ പരാമര്‍ശം പ്രചരിക്കപ്പെട്ടത്. ബിജെപിയുമായി തനിക്ക് ബന്ധമില്ല. എന്നാല്‍ അയ്യപ്പ സ്വാമി തന്റെ ദൈവമാണ്.  ആചാരങ്ങള്‍ ലംഘിക്കപ്പെടുന്നത് ശബരിമലയുടെ പവിത്രത നശിപ്പിക്കുമെന്ന് കൊല്ലം തുളസി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ആചാരങ്ങള്‍ തുടരുന്നത് ചില അടിസ്ഥാനങ്ങളുടെ പശ്ചാത്തലത്തിലാണ്. അവ സംരക്ഷിക്കപ്പെടാന്‍ വേണ്ടി നടത്തുന്ന പ്രാര്‍ത്ഥനായോഗങ്ങളില്‍ ഇനിയും പങ്കാളിയാവും.

സമരമെന്ന് പ്രാര്‍ത്ഥനായോഗങ്ങളെ വിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആചാരങ്ങളെ സംരക്ഷിക്കാനാവശ്യപ്പെട്ടുള്ള പ്രാര്‍ത്ഥനാ യോഗങ്ങളാണ് അവ. നമ്മുടെ വീട്ടിലെ കുട്ടികള്‍ കളിക്കാന്‍ പോയി വൈകി വരുമ്പോള്‍ അവരെ ശാസിക്കാന്‍ നടത്തുന്ന പ്രയോഗം പോലെ ഉള്ള ഒന്നായിരുന്നു എന്റെ പ്രസ്താവന. അയ്യപ്പഭക്തന്‍ എന്ന നിലയില്‍ നിരവധി വേദികളില്‍ പങ്കെടുത്തിരുന്നു.

പ്രാര്‍ത്ഥനായോഗത്തില്‍ ഇനിയും പങ്കെടുക്കും. അത് നമ്മുടെ അവകാശത്തിന്റെ ഭാഗമാണ്. ഇവര്‍ക്ക് സല്‍ബുദ്ധി നല്‍കണമെന്നാണ് പ്രാര്‍ത്ഥനായോഗത്തില്‍ പ്രാര്‍ത്ഥിക്കുന്നത്. മലയാളികളുടെ സ്വകാര്യ സമ്പത്താണ് അയ്യപ്പന്‍. അയ്യപ്പന്റെ പൂങ്കാവനം സ്ത്രീകള്‍ കയറി ആചാരങ്ങള്‍ തെറ്റിക്കാന്‍ അനുവദിക്കില്ല. അവിടെ തുടരുന്ന ചില അനുഷ്ഠാനങ്ങള്‍ തുടരാനുള്ളതാണ്. 

ഇക്കണക്കിന് കേസ് കൊടുക്കാന്‍ പോയാല്‍ വാഗ്ദാനലംഘനത്തിന് മാളികപ്പുറത്തമ്മയ്ക്ക് കോടതിയെ സമീപിച്ചുകൂടെയെന്ന് കൊല്ലം തുളസി ചോദിക്കുന്നു.

വലിയ ആളുകളെ പിടിക്കാതെ എന്റെ ഒരു നാടന്‍ പ്രയോഗത്തില്‍ പിടിച്ച് വിവാദം ഉണ്ടാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണ്. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ആളല്ല, പക്ഷേ എന്നെ ബിജെപിക്കാരനാക്കി. പാര്‍ട്ടികള്‍ കൃത്യമായി ഇതില്‍ മുതലെടുപ്പിന് ശ്രമിക്കുകയാണ് 

വെറുമൊരു സീറോയായ കൊല്ലം തുളസി ഈ പ്രയോഗത്തോടെ ഹീറോയാവുന്ന ലക്ഷണമാണ് ഉള്ളതെന്നും കൊല്ലം തുളസി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദമാക്കി. ഇന്ന് രാവിലെയാണ് സുപ്രീം കോടതി വിധിക്കെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി സംസാരിക്കുമ്പോളായിരുന്നു ചലചിത്രതാരം കൊല്ലം തുളസി വിവാദ പ്രസ്താവന നടത്തിയത്. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണം. കീറി ഒരു ഭാഗം  ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന. 

click me!