രാഷ്ട്രീയം പറയുന്ന ഫുട്‌ബോള്‍

Web Desk |  
Published : Jun 30, 2018, 11:21 AM ISTUpdated : Oct 02, 2018, 06:46 AM IST
രാഷ്ട്രീയം പറയുന്ന ഫുട്‌ബോള്‍

Synopsis

1930 ലെ ആദ്യ ലോകകപ്പില്‍ പല യൂറോപ്യന്‍ രാജ്യങ്ങളും ഉറുഗ്വെയില്‍ ലോകകപ്പ് കളിക്കാന്‍ തങ്ങളുടെ ടീമിനെ അയച്ചില്ല. 1934 ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പില്‍ പങ്കെടുക്കാതെ ഉറുഗ്വെ തിരിച്ചടിച്ചു.

ആരാധകരെ സംബന്ധിച്ച് ആദ്യ വിസില്‍ മുതല്‍ അവസാന വിസില്‍ വരെ ഫുട്‌ബോള്‍ മൈതാനത്ത് രാഷ്ട്രീയമില്ലെങ്കിലും കളിക്കാര്‍ക്കും രാഷ്ട്ര ഭരണത്തലവന്മാര്‍ക്കും അങ്ങനെയല്ല. ലോക രാഷ്ട്രീയവുമായി കൂടിക്കുഴഞ്ഞ് കിടക്കുകയാണ് ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രവും. ലോകകപ്പിലെ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ലോകകപ്പ് മത്സരങ്ങളോളം തന്നെ പഴക്കവും ചരിത്രവുമുണ്ട്.

1930 ലെ ആദ്യ ലോകകപ്പില്‍ പല യൂറോപ്യന്‍ രാജ്യങ്ങളും ഉറുഗ്വെയില്‍ ലോകകപ്പ് കളിക്കാന്‍ തങ്ങളുടെ ടീമിനെ അയച്ചില്ല.1934 ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പില്‍ പങ്കെടുക്കാതെ ഉറുഗ്വെ തിരിച്ചടിച്ചു.1934 ലെ ലോകകപ്പില്‍ അന്നത്തെ ഇറ്റാലിയന്‍ ഭരണാധികാരി, ഏകാധിപതിയായ ബെനറ്റോ മുസോളിനി സ്വന്തം ടീമിനെ സഹായിക്കാന്‍ റഫറിമാരെ തീരുമാനിച്ചുവെന്ന വിവാദം ഉടലെടുത്തു. ജര്‍മ്മന്‍ ടീമിന്റെ നാസി സല്യൂട്ട് ഹിറ്റ്‌ലറിന്റെ രാഷ്ട്രീയത്തെ ലോകകപ്പ് വേദിയില്‍ കൊണ്ടുവന്നു.

1938ല്‍ ലാറ്റിനമേരിയ്ക്കയ്ക്ക് പകരം യൂറോപ്പിന് തന്നെ തുടര്‍ച്ചയായി ലോകകപ്പ് വേദി അനുവദിച്ചതില്‍ പ്രതിഷേധിച്ച് അര്‍ജന്റീനയും ഉറുഗ്വെയും ലോകകപ്പ് ബഹിഷ്‌കരിച്ചു. രണ്ടാം ലോകമഹായുദ്ധത്തെത്തുടര്‍ന്ന് 1942 ലും 1946ലും ലോകകപ്പ് മത്സരങ്ങള്‍ നടന്നില്ല. 58ല്‍ പക്ഷെ കളി മാറി. ലോകകപ്പിലെ ഇസ്രയേലിന്റെ സാന്നിധ്യത്തില്‍ പ്രതിഷേധിച്ച് തുര്‍ക്കിയും ഇന്തോനേഷ്യയും ഈജിപ്തിറ്റും സുഡാനും യോഗ്യതാ റൗണ്ട് തന്നെ ബഹിഷ്‌കരിച്ചു. പിന്നീട് 1966 ല്‍ ഫിഫയുടേത് ചിറ്റമ്മനയമെന്ന് ആരോപിച്ച് ആഫ്രിക്കന്‍ വന്‍കര മുഴുവന്‍ ലോകകപ്പ് ബഹിഷ്‌കരിച്ചു.

1970 പിന്നെയും ഇസ്രയേല്‍ സാന്നിധ്യം പ്രശ്‌നമായി. ഏഷ്യന്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയ ഇസ്രയേലുമായി കളിക്കാന്‍ ദക്ഷിണകൊറിയ വിസമ്മതിച്ചു.1974 ജനറല്‍ പിനാഷെയുടെ ചിലിയുമായി കളിക്കാന്‍ പശ്ചിമ ജര്‍മ്മനി വിസമ്മതിച്ചായിരുന്നു ആ ലോകകപ്പിലെ രാഷ്ട്രീയ സംഭവം.1978ലെ അര്‍ജന്റീന ലോകകപ്പ് രാജ്യത്തെ ആഭ്യന്തര പ്രശ്‌നത്തിന്റെ പേരില്‍ ലോകശ്രദ്ധ നേടി. 86 ലെ ലോകകപ്പ് മത്സരത്തെ സാക്ഷാല്‍ മറഡോണ തന്നെ വിശേഷിപ്പിച്ചത്, അത് മത്സരമായിരുന്നില്ല, അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ യുദ്ധമായിരുന്നുവെന്നാണ്.

1998ല്‍ ഫ്രാന്‍സ് ലെ ലോകകപ്പ് വേദി ഇറാന്‍- അമേരിക്ക കലഹം കൊണ്ടും ശ്രദ്ധ നേടി. 2010 ലാണ് മറ്റൊരു ശ്രദ്ധേയമായ രാഷ്ട്രീയ വൈര്യത്തിന് ലോകകപ്പ് വേദിയാകുന്നത്. യോഗ്യതാ റൗണ്ടില്‍ ദക്ഷിണ, ഉത്തര കൊറിയകള്‍ ഏറ്റുമുട്ടണം. പക്ഷെ ദക്ഷിണകൊറിയയില്‍ ഉത്തരകൊറിയന്‍ ദേശീയഗാനം പാടാനോ ദേശീയപതാക ഉയര്‍ത്താനോ അനുവദിച്ചില്ല. അതോടെ വേദി മാറ്റേണ്ടി വന്നു. 

2014 ല്‍ ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫിന്റെ പ്രതിഛായക്കേറ്റ മങ്ങല്‍ പരിഹരിക്കാനാവുമെന്ന് കരുതിയ ലോകകപ്പായിരുന്നു. പക്ഷേ സംഭവിച്ചത് മറിച്ചും. അവിടെ നിന്ന് റഷ്യയിലേക്കെത്തുമ്പോഴും കാര്യങ്ങള്‍ അത്ര പന്തിയല്ല. വേദിക്കായി കോഴകൊടുത്തുവെന്ന ആരോപണം മുതല്‍ വേദിക്കായുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിനെ പിന്തള്ളാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ നടത്തിയ ഇടപെടല്‍ വരെ വിവാദമാക്കിയ ലോകകപ്പാണ് ഇത്. ശീതയുദ്ധത്തിന് ശേഷം ലോകരാഷ്ട്രീയം ഏറ്റവും കലുക്ഷിതമായിരിക്കുന്ന കാലത്ത് നടക്കുന്ന ലോകകപ്പും.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടൽതീരത്തേക്ക് കയറി വന്നത് 3000 താഴ്ചയിൽ കഴിയുന്ന ദുരന്ത മത്സ്യം, 30 അടി വരെ നീളം വെക്കുന്ന അപൂർവ്വ മത്സ്യം ദുരന്ത സൂചനയെന്ന് ഐതിഹ്യം
വൈറലാകാനുള്ള തന്ത്രം, യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയിൽ റീല്‍സ് പിടുത്തം; ഒടുക്കം പിടിവീണു