
തിരുവനന്തപുരം: ഇന്ന് ലോക മാതൃദിനം. വിലമതിക്കാനാകാത്ത മാതൃസ്നേഹത്തിനും കരുതലിനും ആദരം പകരാന്‍ ലോകം ഒന്നിച്ച് ചേരുകയാണ് ഈ ദിനത്തില്‍. നമ്മള്‍ ഓരോരുത്തരുടെയും ജീവന്റെ പാതിയായ അമ്മമാര്‍ക്കായി ഒരു ദിനം. 'അമ്മ' എന്ന നന്മ എത്ര കിട്ടിയാലും നമുക്ക് മതിയാകില്ല. ഒപ്പമുള്ളപ്പോള്‍ ആര്‍ഭാടത്തോടെ ആസ്വദിച്ചു തീര്‍ക്കാന്‍, പിന്നെയും പിന്നെയും കൊതിതീരെ ചേര്‍ത്തുപിടിക്കാന്‍. എല്ലാ വര്‍ഷവും മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ലോകം മാതൃദിനമായി ആചരിക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കയിലാണ് മാതൃദിനത്തിന്റെ തുടക്കം. ലോകമെങ്ങും അമ്മമാരെ ആദരിക്കാനായി പലതരം പരിപാടികള്‍ സംഘടിപ്പിക്കുന്നു. നമ്മളെ നമ്മളാക്കിയവര്‍ക്ക് സ്നേഹം മാത്രം സമ്മാനിക്കുക എന്ന് ഓര്‍മപ്പെടുത്തലുമായാണ് ഈ മാതൃദിനവും കടന്നു വന്നിരിക്കുന്നത്. എന്നാല്‍ പുതിയ കാലത്തില്‍ കാഴ്ചകള്‍ പലതും ശുഭകരമല്ല. പ്രിയപ്പെട്ട മക്കളെ കാത്ത് വൃദ്ധസദനങ്ങളില്‍ കാത്തിരിക്കുന്ന അമ്മമാര്‍, മക്കള്‍ ഉപേക്ഷിച്ചപ്പോള്‍ ആശുപത്രി വരാന്തകളില്‍ അഭയം തേടിയവര്‍, തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ട മാതൃത്വങ്ങള്‍.
മാതൃദിനം മുന്നിലേക്ക് തരുന്നത് അമ്മമാരുടെ വിവിധ മുഖങ്ങളാണ്. അമ്മയെ ഓര്‍ക്കാന്‍ ഇങ്ങനെ ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമില്ലെന്ന് പറയുന്നവരുമുണ്ട്. ഏതായാലും നമ്മളോരോരുത്തരും പത്തുമാസത്തെ കാത്തിരിപ്പിനൊടുവില്‍ കരഞ്ഞുവിളിച്ചു കൊണ്ട് ഈ ഭൂമി മലയാളത്തിലേക്ക് പിറന്നു വീണപ്പോള്‍ മനസ്സു നിറഞ്ഞ് ചിരിച്ച് സ്വീകരിച്ച മുഖമായിരുന്നു അമ്മ. പിന്നെ പൊന്നു പോലെ നോക്കി, വളര്‍ത്തി വലുതാക്കി. മാതൃദിനം ഒരിക്കല്‍കൂടി കടന്നുവരുമ്പോള്‍ നമുക്കൊരു പ്രതിഞ്ജ എടുക്കാം. ഒരു അമ്മയുടെയുംം കണ്ണ് നിറയാന്‍ ഇടയാക്കില്ല എന്ന്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam