ഭരണഘടനാ തത്വം അധികാരത്തിലിരിക്കുന്നവർ പാലിക്കണമെന്ന് പ്രധാനമന്ത്രി

By Web DeskFirst Published Nov 26, 2017, 1:03 PM IST
Highlights

ഗാന്ധിനഗര്‍: ഒരാളെ പോലും നോവിക്കാതെ മുന്നോട്ടു പോകണമെന്ന ഭരണഘടനാ തത്വം അധികാരത്തിലിരിക്കുന്നവർ പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ സാമൂഹ്യഘടന തകർക്കാനുള്ള ഭീകരരുടെ ശ്രമം ചെറുക്കണമെന്നും മോദി ആകാശവാണിയിലെ മൻ കി ബാത്തിൽ നിർദ്ദേശിച്ചു.
 
ഭരണഘടനാ ദിനത്തിൽ നടത്തിയ മൻകിബാത്തിൽ സമവായത്തിൻറെ ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. പാവപ്പെട്ടവർക്കും ദുർബലവിഭാഗങ്ങൾക്കും സംരക്ഷണം നല്കുന്നതാണ് ഇന്ത്യയുടെ ഭരണഘടന. പിന്നാക്കക്കാർ, സ്ത്രീകൾ, ആദിവാസികൾ, ദളിതർ തുടങ്ങി എല്ലാവരുടെയും അവകാശങ്ങൾ ഭരണഘടന ഉറപ്പുവരുത്തുന്നു എന്ന് മോദി പറഞ്ഞു. ഭരണഘടന പാലിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്ന് മോദി വ്യക്തമാക്കി

മുംബൈ ഭീകരാക്രമണത്തിൻറെ ഒമ്പതാം വാർഷികത്തിൽ ആക്രമണത്തിന് ഇരയായവരെ ഓർത്ത നരേന്ദ്ര മോദി ഇന്ത്യയുടെ സാമൂഹ്യഘടന തകർക്കാനാണ് ഭീകരർ ശ്രമിക്കുന്നതെന്ന് ആരോപിച്ചു. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ നിലപാട് ലോക് ശ്രദ്ധിച്ചു തുടങ്ങിയെന്നും മോദി അവകാശപ്പെട്ടു. 

നബിദിനം  ശാന്തിയും സമഭാവനയും കൊണ്ടുവരാൻ ഇടയാക്കട്ടെ എന്ന് മോദി ആശംസിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ബിജെപി ആയുധമാക്കിയ ഈ മൻകി ബാത്തിൽ ബിജെപി സർക്കാർ വർഗ്ഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നില്ല എന്ന സന്ദേശം നല്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്.  

അതേ സമയം യൂത്ത് കോണ്‍ഗ്രസ് ചായവില്‍പ്പനക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചതിനെതിരേ ബിജെപി മന്‍ കി ബാത്തിനെ പ്രചരണ ആയുധവുമാക്കി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്ത് ബിജെപി നേതാക്കള്‍ കേട്ടത് ചായ കുടിച്ചുകൊണ്ടായിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലി തുടങ്ങിയവര്‍ ചായ കുടിച്ച് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
 

click me!