ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ സൈനിക നീക്കത്തെ റഷ്യയും ചൈനയും ശക്തമായി അപലപിച്ചു. നയതന്ത്ര ചർച്ചകൾക്കിടെ നടന്ന ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മേഖലയെ വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നും ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നൽകി.
ഇറാന്റെ പരമാധികാരത്തിന് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നീക്കത്തെ ശക്തമായി അപലപിച്ച് റഷ്യയും ചൈനയും രംഗത്തെത്തി. നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നടത്തിയ ഈ ആക്രമണം അംഗീകരിക്കാനാവില്ലെന്നും മേഖലയെ വലിയൊരു ദുരന്തത്തിലേക്കാണ് ഇത് നയിക്കുന്നതെന്നും ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നൽകി.
നയതന്ത്ര ചർച്ചകൾക്കിടെ ഇറാനെതിരെ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്നും ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റഷ്യവ്യക്തമാക്കി. ഇറാനെ പൂർണമായും പിന്തുണച്ച റഷ്യ, യൂറോപ്യൻ രാജ്യങ്ങളുടെ നിലപാട് കാപട്യമാണന്നും അമേരിക്കയും ഇസ്രയേലും ഉടൻ ആക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
നയതന്ത്ര ചർച്ചകളുടെ മറപിടിച്ചാണ് ഇസ്രയേലും അമേരിക്കയും ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് റഷ്യ ആരോപിച്ചു. യൂറോപ്യൻ രാജ്യങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നത് വഞ്ചനാപരമായ നിലപാടാണെന്നും റഷ്യ കുറ്റപ്പെടുത്തി. യുദ്ധം ഉടൻ അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങാൻ മോസ്കോ ആവശ്യപ്പെട്ടു. ആണവ നിലയങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് വിനാശകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്നും റഷ്യ ഓർമ്മിപ്പിച്ചു.
സാധാരണക്കാരുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് ചൈന
ഇറാനിലെ സാധാരണക്കാരുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് ചൈന. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്ന് ചൈന ചൂണ്ടിക്കാട്ടി.സൈനിക നീക്കങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്നും ചർച്ചകളിലൂടെ മാത്രമേ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയൂ എന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്താൻ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും ചൈന ആവശ്യപ്പെട്ടു.
യുഎൻ സുരക്ഷാ സമിതി യോഗത്തിൽ ഇറാനെതിരെയുള്ള സൈനിക നടപടിയെ അപലപിച്ച് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെ വ്യവസ്ഥകളുടെയും ലംഘനമാണെന്നും അദ്ദേഹം വിമർശിച്ചു. ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങളും അപലപനീയമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയും ചൈനയും ഇറാന് പിന്തുണയുമായി എത്തിയതോടെ യുഎൻ സുരക്ഷാ കൗൺസിലിൽ വലിയ രീതിയിലുള്ള ഭിന്നത പ്രകടമാണ്.


