അമ്മയുടെ ഷോയ്ക്ക് മുമ്പ് ആഭ്യന്തര പരാതി സെല്‍ വേണം; ഡബ്ല്യുസിസി ഹര്‍ജി ഇന്ന് കോടതിയില്‍

By Web TeamFirst Published Nov 26, 2018, 7:24 AM IST
Highlights

മലയാള സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി  സമർപ്പിച്ച ഹർജി ഹൈക്കോടതി നിലവിലുള്ളപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡബ്യുസിസി പുതിയ ആവശ്യം ഉന്നയിച്ചത്

കൊച്ചി: ഷൂട്ടിങ് ലൊക്കേഷനുകളില്‍ ലൈംഗീകാതിക്രമം തടയുന്നതിനുള്ള ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് സര്‍ക്കാര്‍ നിലപാട് അറിയിച്ചേക്കും.

അടുത്തമാസം ഏഴിന് അമ്മയുടെ നേതൃത്വത്തില്‍ അബുദാബിയില്‍ നടക്കുന്ന അമ്മയുടെ ഷോയ്ക്ക് മുമ്പ് ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യം. ഡബ്ല്യൂസിസിക്ക് വേണ്ടി റിമ കല്ലിങ്കൽ നൽകിയ മറുപടി സത്യവാങ്‌മൂലത്തിലാണ് ഇക്കാര്യം ഉള്ളത്. മലയാള സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി  സമർപ്പിച്ച ഹർജി ഹൈക്കോടതി നിലവിലുള്ളപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡബ്യുസിസി പുതിയ ആവശ്യം ഉന്നയിച്ചത്.

ഹർജി പരിഗണിക്കാനിരിക്കെ മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോടും സിനിമാ സംഘടനകളോടും കോടതി ആവശ്യപ്പെട്ടിരുന്നു. വനിതകൾ അടങ്ങിയ മൂന്നംഗ സമിതി ഇപ്പോൾത്തന്നെ നിലവിൽ ഉണ്ടെന്നാകും താരസംഘടനയായ അമ്മ അറിയിക്കുക.

ഡബ്ല്യുസിസിയുടെ ഹർജിയെ പിന്തുണയ്ക്കുന്ന നിലപാടാകും കോടതിയിൽ സംസ്ഥാന സർക്കാര്‍ സ്വീകരിക്കുക. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചൂഷണ, അതിക്രമ പരാതികള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പരാതി പരിഹാര സംവിധാനം അത്യാവശ്യമാണെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മലയാള സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസിയ്ക്ക് വേണ്ടി റിമ കല്ലിങ്കലും പത്മപ്രിയയുമാണ് നേരത്തെ ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി.

click me!