
കവിതാ മോഷണ വിവാദം ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോപണങ്ങളുമായി കൂടുതൽ പേർ രംഗത്ത്. എഴുത്തുകാരൻ വൈശാഖൻ തമ്പിയാണ് താനും ഒരിക്കൽ കോപ്പിയടി ആരോപണം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. തനിക്കെതിരെ കോപ്പിയടി വിവാദം ഉന്നയിച്ച ആളുടെ പേര് വെളിപ്പെടുത്താൻ മടിയുണ്ടെന്ന് വ്യക്തമാക്കിയാണ് വൈശാഖൻ തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വിവരിക്കുന്നത്.
''വാർത്തയുടെ പശ്ചാത്തലത്തിൽ വ്യക്തിപരമായ അനുഭവത്തിന്റെ അകമ്പടിയോടെ ഞാനെഴുതിയ ഒരു നീണ്ട പോസ്റ്റായിരുന്നു ആധാരം. അതിലെ കുറേ പാരഗ്രാഫുകൾ തന്റെ മുൻകാല ബ്ലോഗ് പോസ്റ്റിൽ നിന്നും ഞാൻ അതേപടി പകർത്തിയതാണ് എന്നാരോപിച്ച് സൈബർ ലോകത്തെ പ്രമുഖനായ ഒരു വ്യക്തി ആ പോസ്റ്റിന്റെ കീഴിൽ തന്നെ വന്നു.'' വൈശാഖൻ തന്റെ പോസ്റ്റിൽ പറയുന്നു. അദ്ദേഹം പരാമർശിച്ച പോസ്റ്റിൽ ചെന്നപ്പോൾ താനെഴുതിയ വരികൾ അതേപടി കണ്ട് അമ്പരന്നു പോയി എന്ന് വൈശാഖൻ വ്യക്തമാക്കുന്നു. നേരിട്ട് പരിചയമില്ലാത്ത അനൂപ് എം ദാസ് എന്ന സുഹൃത്താണ് തന്നെ ആ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചതെന്നും വൈശാഖൻ തന്റെ പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നു.
അന്ന് തന്നെ സഹായിക്കാൻ ആ സുഹൃത്ത് എത്തിയില്ലെങ്കിൽ അപമാനഭാരത്താൽ എഴുത്തും നിർത്തി ഐഡിയും പൂട്ടി താൻ പോയേനെ എന്നും വൈശാഖൻ വ്യക്തമാക്കുന്നു. തന്റെ എഴുത്ത് മോഷ്ടിച്ച ആൾ താനത് കണ്ടുപിടിക്കും മുമ്പ് തനിക്കെതിരെ രംഗത്ത് വന്നതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. അന്ന് തന്നെ കുറ്റാരോപിതനാക്കിയ വ്യക്തി കമന്റ് ചെയ്ത സ്ക്രീൻ ഷോട്ടുകളും ലിങ്കും വൈശാഖൻ തന്റെ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam