
കോണ്‍ഗ്രസ് സഖ്യത്തിനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും അടഞ്ഞിട്ടില്ലെന്ന സന്ദേശം കേരള ഘടകത്തിന് നല്കാനാണ് സീതാറാം യെച്ചൂരി ഉദ്ഘാടന സമ്മേളനത്തില്‍ ശ്രമിച്ചത്. തമിഴ്നാട് ഉള്‍പ്പടെയുള്ള ഘടകങ്ങളില്‍ തന്റെ സ്വാധീനം കൂട്ടാനായതാണ് സ്വന്തം നയത്തിനു പ്രചാരം നല്കാനുള്ള ധൈര്യം യെച്ചൂരിക്ക് നല്കുന്നത്.
ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരെ ഒരു വരി മാത്രമാണ് സീതാറാം യെച്ചൂരി പറഞ്ഞത്. അതും കരട് രാഷ്‌ട്രീയ പ്രമേയത്തിലെ ഒരു വാചകത്തിന്റെ ആവര്‍ത്തനം മാത്രം. പ്രകാശ് കാരാട്ട് എഴുതി വെച്ച ,കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഇല്ലാതെ ബിജെപിയെ പരാജയപ്പെടുത്തുക എന്ന വാചകം യെച്ചൂരി പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത് തന്നെ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ പരമാവധി സമാഹരിക്കാനുള്ള നീക്കം നടത്തുമെന്ന കൂടിച്ചേര്‍ക്കലും അദ്ദേഹം നടത്തി. തെരഞ്ഞെടുപ്പ് സഖ്യം തീരുമാനിക്കുമ്പോള്‍ എല്ലാ വാതിലും അടയ്‌ക്കില്ല എന്ന സൂചന നല്കാന്‍ കൂടിയാണ് യെച്ചൂരി ശ്രമിച്ചത്. അതായത് സ്വന്തം നയം തിരുത്താന്‍ തയ്യാറല്ല എന്ന സന്ദേശം തനിക്ക് പൂര്‍ണ്ണമായും എതിരു നില്‍ക്കുന്ന കേരള ഘടകത്തിന് നല്‍കുകയാണ് യെച്ചൂരി. ഷുഹൈബ് വധത്തെക്കുറിച്ച് പരോക്ഷമായി പരാമര്‍ശിക്കുമ്പോള്‍ പോലും പ്രധാന എതിര്‍പ്പുയര്‍ത്തുന്ന കോണ്‍ഗ്രസിന് പകരം ആര്‍എസ്എസിനെയാണണ് യെച്ചൂരി കടന്നാക്രമിച്ചത്.
പശ്ചിമബംഗാളില്‍ തൃണമൂലും ആര്‍എസ്എസും ഉയര്‍ത്തുന്ന വെല്ലുവിളി എങ്ങനെ നേരിടുമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കും എന്ന് പറയുമ്പോഴും കരട് രാഷ്‌ട്രീയ പ്രമേയത്തില്‍ നയം അവസാനിക്കുന്നില്ല എന്ന് യെച്ചൂരി പറയാതെ പറയുകയാണ്. നേതൃതലത്തിലെ ഭിന്നത കേരളത്തിലെ സമ്മേളനത്തിലും പ്രകടമാകുകയാണ്. തമിഴ്നാട്ടിലെ നേതൃമാറ്റത്തിലും ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ സെക്രട്ടറിയേറ്റ് രൂപീകരണത്തിലും യെച്ചൂരിയുടെ സ്വാധീനം കൂടിയത് ദൃശ്യമായിരുന്നു. കരട് രാഷ്‌ട്രീയ പ്രമേയത്തെ പൂര്‍ണ്ണമായും അംഗീകരിക്കാതെയുള്ള നിലപാടെടുക്കാന്‍ യെച്ചൂരിക്ക് ഇതും ധൈര്യം പകരുന്നു. അതേസമയം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ കേരളത്തിലെ സമ്മേളനത്തില്‍ നടക്കുന്ന ചര്‍ച്ച യെച്ചൂരിക്കും പ്രധാനമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam