
ബെംഗളുരു: തെരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റകക്ഷിയാക്കിയെങ്കിലും തലകുനിച്ചും കണ്ണീർവാർത്തും പടിയിറങ്ങേണ്ടി വന്നിരിക്കുകയാണ് ബിഎസ് യെദ്യൂരപ്പ എന്ന നേതാവിന്. ബാധ്യതയാകുന്നെങ്കിലും തല്ക്കാലം യെദ്യൂരപ്പയെ കയ്യൊഴിയാൻ വയ്യാത്ത സ്ഥിതിയാണ് ബിജെപിക്കുള്ളത്.
എഴുപ്പത്തിയഞ്ച് പിന്നിട്ടവരെ അധികാര രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിറുത്തുക എന്ന നയം തിരുത്തിയാണ് ബിഎസ് യെദ്യൂരപ്പയെ നരേന്ദ്ര മോദി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയത്. ലിംഗായത്ത് എന്ന് വോട്ട് ബാങ്ക് ഒപ്പമുണ്ടാകാന്‍ യെദ്യൂരപ്പയുടെ സാന്നിധ്യം പ്രധാനമാണെന്ന് ബിജെപി നേതൃത്വത്തിന് ഉറപ്പായിരുന്നു. 104 സീറ്റു കിട്ടിയപ്പോഴും കർണ്ണാടകത്തിലെ ജനങ്ങൾ കടിഞ്ഞാൺ മുമ്പ് അഴിമതികേസുകളിൽ പ്രതിയായ യെദ്യൂരപ്പയ്ക്കു നല്കിയില്ല. വളഞ്ഞ വഴിയിലൂടെ അധികാരം നേടാനുള്ള യെദ്യൂരപ്പയുടെ നീക്കവും പൊളിഞ്ഞിരിക്കുന്നു.
തെക്കേ ഇന്ത്യയില്‍ താമര വിരിയിക്കാന്‍ നേതൃത്വം നല്‍കിയ യെദ്യൂരപ്പ പുറത്ത് പോകുന്നത് തല കുനിച്ചാണ്. പണം നല്കി എംഎൽഎമാരെ കൊണ്ടു വരാൻ യെദ്യൂരപ്പ ശ്രമിച്ചതിൻറെ ശബ്ദരേഖ പുറത്തു വന്നിട്ടുണ്ട്. കർണ്ണാടകത്തിൽ ബിജെപിക്ക് യെദ്യൂരപ്പയെ മാറ്റി നിറുത്തി പുതിയ നേതൃത്വം പാർട്ടിക്ക് വരണം എന്ന് വാദിക്കുന്ന നേതാക്കളുണ്ട്.
നിയമസഭയിലെ പ്രസംഗവും കണ്ണീരും യെദ്യൂരപ്പയ്ക്ക് സഹതാപം ഉണ്ടാക്കി നല്കും എന്ന് ബിജെപിയും ഇപ്പോൾ കരുതുന്നില്ല. മാത്രമല്ല കോൺഗ്രസിലെ ലിംഗായത്ത് എംഎൽഎമാരെ കൊണ്ടുവരാൻ യെദ്യൂരപ്പയ്ക്ക് മഠങ്ങളുടെ പിന്തുണ കിട്ടിയതുമില്ല. എങ്കിലും മോദിക്കും അമിത് ഷായ്ക്കും തല്ക്കാലം മറ്റു വഴികളില്ല. ഇപ്പോൾ യെദ്യൂരപ്പയെ തന്നെ മുന്നിൽ നിറുത്തേണ്ടി വരും. അഴിമതി കേസുകളിൽ കുറ്റവിമുക്തനായി രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്ന യെദ്യൂരപ്പയുടെ മറ്റൊരു വീഴ്ചയുടെ തുടക്കമാണോ ഇതെന്നറിയാൻ കാത്തിരുന്ന് കാണാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam