
ദില്ലി: മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ കാമുകിയുടെ വീട്ടുകാരുടെ കൊലക്കത്തിക്ക് ഇരയായ ദില്ലിയിലെ അങ്കിത് സക്‌സേന എന്ന ഫോട്ടോഗ്രാഫറുടെ വാര്‍ത്ത രാജ്യം ചര്‍ച്ച ചെയ്തതാണ്. അങ്കിത് കൊല്ലപ്പെട്ടിട്ടും കാമുകി എവിടെ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതാ ആ പ്രേമത്തിന്‍റെ ഏറ്റവും വേദനജനകമായ അനുഭവം പങ്കുവയ്ക്കുകയാണ് ആ പെണ്‍കുട്ടി.
അങ്കിത് തന്‍റെ ബന്ധുക്കളാല്‍ ദില്ലിയിലെ രഘുബീര്‍ നഗറിലെ തിരക്കേറിയ തെരുവില്‍ കുത്തേറ്റ് വീഴുമ്പോള്‍. അടുത്തുള്ള മെട്രോ സ്‌റ്റേഷനില്‍ അവള്‍ അവന് വേണ്ടി കാത്തിരിക്കുകയായിരുന്നു അവള്‍. കാമുകി പോലീസിന് നല്‍കിയ മൊഴിയിലാണ് ഇത് ഉള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരി 1 നായിരുന്നു രഘുബീര്‍ നഗറില്‍ വെച്ച് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ അങ്കിതിനെ കാമുകിയുടെ മാതാപിതാക്കളും സഹോദരനും അമ്മാവനും ചേര്‍ന്ന് കുത്തിക്കൊന്നത്. വൈകിട്ട് 8.04 ന് നടന്ന സംഭവം തെരുവിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
കറുത്ത തുകല്‍ ജാക്കറ്റ് അണിഞ്ഞ് ഇയാള്‍ ആര്‍ക്കോ ഫോണ്‍ ചെയ്യുന്നതിന്റെ ദൃശ്യമാണ് പുറത്തു വന്നത്. ഏഴു മിനിറ്റിന് ശേഷം പോലീസ് സൈറന്റെ ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുന്നതും ആള്‍ക്കാര്‍ ക്രൂര സംഭവം നടന്ന സ്ഥലത്തേക്ക് ഓടുന്നതും വീഡിയോയിലുണ്ട്. തന്റെ അമ്മാവന്റെ ആള്‍ക്കാര്‍ തന്നെയും കൊല്ലുമെന്ന ഭീതി പങ്കുവെച്ച പെണ്‍കുട്ടിക്ക് പിന്നീട് സുരക്ഷ നല്‍കിയാണ് നരി നികേതനിലേക്ക് അയച്ചത്. അങ്കിത് സ്വന്തം മാതാപിതാക്കളുടെ മുന്നില്‍ കാമുകിയുടെ മാതാപിതാക്കളാല്‍ കൊല്ലപ്പെടുമ്പോള്‍ ടാഗോര്‍ ഗാര്‍ഡനിലെ മെട്രോ സ്‌റ്റേഷനില്‍ അങ്കിതിനെ കാത്തിരിക്കുകയായിരുന്നു പെണ്‍കുട്ടി.
അപ്പോഴാണ് ആരോ അവരോട് അങ്കിതിന് കുത്തേറ്റ വിവരം പറഞ്ഞത്. പിതാവും അമ്മാവനും ചേര്‍ന്നാണ് ചെയ്തതെന്നും അവര്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ അനുജന്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെവ്വേറെ മതവിഭാഗങ്ങളില്‍ പെട്ടവര്‍ ആയിരുന്നതാണ് അങ്കിതിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. കാമുകിയെ കാണാന്‍ പോകാന്‍ നില്‍ക്കുമ്പോഴാണ് 23 കാരനായ അങ്കിതിന്റെ അരികിലേക്ക് കാമുകിയുടെ ബന്ധുക്കള്‍ എത്തിയത്.
അങ്കിതിനെ തടഞ്ഞു നിര്‍ത്തിയ അവര്‍ യുവാവുമായി തര്‍ക്കിക്കുകയും പിന്നീട് ഇയാളെ മുഖത്തടിച്ചു വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയുടെ പിതാവ് കുത്തുകയും ആയിരുന്നു. മകന്‍ മര്‍ദ്ദിക്കപ്പെടുമ്പോള്‍ ഒട്ടേറെ പേരാണ് ചുറ്റും കൂടി നിന്നിരുന്നത്. എന്നാല്‍ ഇടപെടാന്‍ എല്ലാവരും ഭയപ്പെട്ടു.ഒരു ബോഡി ബില്‍ഡറായിട്ടും കൊലപാതകികള്‍ പിടിച്ചപ്പോള്‍ അവന് ഒന്നും ചെയ്യാനായില്ല. പെണ്‍കുട്ടിയുടെ പിതാവിന്റെ കയ്യിലെ കഠാര കണ്ടപ്പോള്‍ തന്നെ മറ്റുള്ളവര്‍ ഭയന്നു പോയി.
താനും ഭര്‍ത്താവും മകനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ഒരു വാഹനം സംഘടിപ്പിച്ചു തരാന്‍ പലരോടും യാചിച്ചെങ്കിലും ആരും സഹായിച്ചില്ല. ഒരു ഇ റിക്ഷാക്കാരന്‍ വണ്ടി ചവുട്ടി നിര്‍ത്തിയെങ്കിലും ഒന്നു നോക്കിയ ശേഷം അയാളും സ്ഥലം വിട്ടെന്ന് ദുരന്തത്തിന് സാക്ഷിയായ അങ്കിതിന്റെ മാതാവ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam