പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി യോഗിയുടെ മിന്നൽ സന്ദർശനം

By Web DeskFirst Published Mar 23, 2017, 8:56 AM IST
Highlights

ലഖ്നൗ: പൂവാലന്മാർക്കെതിരെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന്‍റെ പ്രവർത്തനം വിലയിരുത്താൻ ലക്നൗവിലെ പൊലീസ് സ്റ്റേഷനിൽ മിന്നൽ സന്ദർശനം നടത്തി. ഡിജിപി ജാവേദ് അഹമ്മദിനോടൊപ്പമാണ് യോഗി ആദിത്യനാഥ് പൊലീസ് സ്റ്റേഷനിൽ മിന്നൽ സന്ദർശനം നടത്തിയത്.

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിൽ മിന്നൽ സന്ദർശനം നടത്തിയതിന് തൊട്ടുപുറകെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസ് സ്റ്റേഷനിലും മിന്നൽ സന്ദർശനം നടത്തിയത്. ലക്നൗവിലെ ഹസ്രത്ത് ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഡിജിപി ജാവേദ് അഹമ്മദും എത്തിയത്.

പൊലീസ് സ്റ്റേഷനിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗി ആദിത്യനാഥ് വനിതാ പോലീസ് സ്റ്റേഷനും സന്ദർശിച്ചു. നിയമപരിപാലനത്തിൽ ഒരു വിട്ടുവീഴ്ച്ചയും ചെയ്യില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മാനഭംഗക്കേസിലെ പ്രതികൾക്കെതിരെ നടപടിവേണമെന്ന് ട്വിറ്ററിൽ പരാതി ലഭിച്ചയുടൻ ശക്തമായ നടപടിയെടുക്കാൻ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഓഫീസുകളിൽ മിന്നൽ സന്ദര്‍ശനം നടത്തിയ യോഗി ആതിഥ്യനാഥ് ഓഫീസുകളിൽ ലഹരി ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. അതേസമയം ബിജെപി സർക്കാർ നടപ്പിലാക്കിയ ആന്‍റി റോമിയോ സ്ക്വാഡിനെതിരെ പാർലമെന്റിൽ പ്രതിപക്ഷം വിമർശനം ഉന്നയിച്ചു. സ്വാതന്ത്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് നടപടിയെന്നും പ്രതിപക്ഷാംഗം രഞ്ജീത്ത് രഞ്ജൻ വിമർശിച്ചു.

click me!