യുവ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ സംസ്ഥാനം വിടുന്നു

By Web DeskFirst Published Jun 12, 2018, 3:25 PM IST
Highlights
  • യുവ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ മടങ്ങുന്നു
  • ഉദ്യോഗസ്ഥർ കൂട്ടത്തോടെ കേന്ദ്രത്തിലേക്ക്

തിരുവനന്തപുരം:  യുവ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ സംസ്ഥാനം വിടുന്നു. സോളാ‍ർ കേസിലെ പ്രത്യേക അന്വേഷണ സംഘ തലവൻ ഐ ജി ദിനേന്ദ്ര കശിപും, ഭക്ഷ്യ സുരക്ഷ കമ്മീഷണർ രാജ മാണിക്യവും വൈകാതെ സംസ്ഥാന സർവീസ് വിടുമെന്നാണ് റിപ്പോര്‍ട്ട്. സർക്കാരുമായുള്ള ഏറ്റുമുട്ടലും പ്രവർത്തന സ്വാതന്ത്രമില്ലാത്തുമാണ് യുവ ഉദ്യോഗസ്ഥർ സംസ്ഥാനം വിടാൻ കാരണമായതെന്നാണ് വിലയിരുത്തൽ.

​സി​​വിൽ സർവ്വീസിൽ മികച്ച പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥ​രാണ് ​സംസ്ഥാനം വിടുന്നത്. ​ഐ ജി ദിനേന്ദ്ര കശ്യപ്, ഐപിഎസ് ദമ്പതിമാരായ ദേബേഷ് കുമാർ ബെഹ്റ, ഉമ ബെഹ്റ എന്നിവ‍ർക്ക് സിബിഐയിലേക്ക് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. സേവനം വിട്ടു നൽകാൻ  ഉത്തരവിറക്കിയാൽ  മൂന്നുപേരും ഉടൻ സംസ്ഥാന വിടുമെന്നാണ് റിപ്പോര്‍ട്ട്. 

കൊച്ചിയിലെ നടിയെ ആക്രമിച്ച കേസും, മന്ത്രി ശശീന്ദ്രനെ കുരുക്കിയ ഫോണ്‍ വിളി കേസും ഉള്‍പ്പെടെ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഐ ജി ദിനേന്ദ്ര കശ്യപ്. മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങള്‍ പിടിക്കുന്നതും സോളാ‍ർ കേസിൻറെ അന്വേഷണ ഉദ്യോഗസ്ഥനായ കശ്യപാണ്. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാൻ വിരമിച്ച ശേഷം സോളാർ അന്വേഷണത്തിന്റെ മേൽനോട്ട ചുമതല മറ്റാർക്കും നൽകിയിട്ടില്ല. 

ദിനേന്ദ്ര കശ്യപുകൂടി പോകുമ്പോള്‍ പ്രത്യേക സംഘത്തിന് നാഥനില്ലാതാകുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്. സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻമന്ത്രിമാരെ പ്രതി ചേർക്കുന്നതിൽ  ഉന്നത ഉദ്യോഗസ്ഥരുമായി കശ്യപിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കണ്ണൂർ റെയ്ഞ്ച് ഐജിയായരിക്കെ സിപിഎം നേതൃത്വമായി ഇടഞ്ഞതോടെയാണ് അവിടെ നിന്നും മാറേണ്ടി വന്നതും.

കെഎസ്ആ‍ർടിസിൽ നിന്നും പടിയിറക്കപ്പെട്ട ശേഷം നല്ല വകുപ്പുകളിലേക്കൊന്നും പരിഗണിക്കാതിരുന്ന രാജമാണിക്യം ഇംഗ്ലണ്ടിലേക്ക് ഉപരിപഠനത്തിനായാണ്പോകുന്നത്. ഇടുക്കി ഭൂമിപ്രശനത്തിൽ സർക്കാരുമായി ഉടക്കിയ ഐഎഎസ് ഉദ്യോഗസ്ഥനായ ഗോകുലും, ശ്രീ റാം വെങ്കിട്ടരാമനും ഇംഗ്ലണ്ടിലേക്ക് പഠനത്തിന് പോവുകയാണ്. ഐ ജി മഹിപാൽ യാദവും കോഴിക്കോട് കളക്ടറായിരുന്ന എൻ.പ്രശാന്തും ഐപിഎസ് ദമ്പതിമാരായ സതീഷ് ബിനോയും അജിതാ ബീഗവും നേരത്തെ സംസ്ഥാന സർവ്വീസ് വിട്ടിരുന്നു. 

click me!