
തിരുവനന്തപുരം: അന്തരിച്ച നേതാക്കളുടെ മക്കൾക്കു സീറ്റ് നൽകരുതെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹികൾ. പുനസംഘടനയിലും പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി മുൻ ഭാരവാഹികൾ മുല്ലപ്പള്ളിക്ക് കത്ത് നൽകി. മുൻ ജനറൽ സെക്രട്ടറി ആർ എസ് അരുൺരാജിന്റെ നേതൃത്വത്തിൽ ആണ് കത്ത് നല്‍കിയിരിക്കുന്നത്. എംഐ ഷാനവാസിൻറെ മകളെ വയനാട് സീറ്റിൽ മത്സരിപ്പിക്കാൻ ഒരു വിഭാഗത്തിന് ആലോചനയുണ്ടെന്ന സൂചന പുറത്ത് വന്നതിന് പിന്നാലെയാണ് മുന്‍ഭാരവാഹികളുടെ കത്ത് പുറത്ത് വരുന്നത്.
കെപിസിസി പുന:സംഘടന സംബന്ധിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ നാളെ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് മുന്‍ ഭാരവാഹികളുടെ കത്ത് പുറത്ത് വരുന്നത്. ഇന്നലെ ചേർന്ന കെപിസിസി രാഷ്ട്രീകാര്യ സമിതിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുന;സംഘടന പൂർത്തിയാക്കാൻ ധാരണയിലെത്തിയത്. ജംബോ കമ്മിറ്റി വേണ്ടെന്നാണ് ഗ്രൂപ്പുകൾക്കതീതമായി ഉയർന്ന വികാരം.
സിഎൻ ബാലകൃഷ്ണൻറെ മകൾക്ക് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകാനും ധാരണയുണ്ട്. രണ്ട് ശ്രമങ്ങളും മുന്നിൽ കണ്ടാണ് യൂത്ത് കോൺഗ്രസ് മുൻഭാരവാഹികൾ പരാതിയുമായി രംഗത്തെത്തിയത്. അന്തരിച്ച നേതാക്കളോടുള്ള ആദരവ് നിലനിർത്തുമ്പോഴും വിദ്യാർത്ഥിയുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച് പാരമ്പര്യം ഇല്ലാത്ത അവരുടെ മക്കളെ അടിച്ചേല്പിക്കുന്നത് കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam