നായാട്ടിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം; അബദ്ധമെന്നുറപ്പിച്ച് പൊലീസ്

By Web DeskFirst Published Jan 10, 2017, 5:45 PM IST
Highlights

കോതമംഗലം വഴുതനപ്പിള്ളി സ്വദേശിയായ ടോണി മാത്യു നായാട്ടിനിടെ കൊല്ലപ്പെട്ട കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയാണ്. ആനയെ കണ്ട് പേടിച്ചോടുന്നതിനിടെ അബദ്ധത്തിൽ ടോണിക്ക് വെടിയേൽക്കുകയായിരുന്നെന്നും മറ്റ് ദുരൂഹതകളില്ലെന്നും പൊലീസ് ഉറപ്പിക്കുന്നു. ടോണിക്കൊപ്പം നായാട്ടു സംഘത്തിലുണ്ടായിരുന്ന കോതമംഗലം ഞായപ്പിള്ളി സ്വദേശികളായ ഷൈറ്റ്, അജേഷ്, ബേസിൽ എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പരുക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബേസിലിന്റെ അറസ്റ്റ് ഇന്ന് ഉച്ചയോടെയാണ് രേഖപ്പെടുത്തിയത്. മറ്റ് രണ്ടു പേരെയും ഇന്നലെ പിടികൂടിയിരുന്നു.

മൂന്ന് പേരെയും മൂവാറ്റുപുഴ DySP കെ. ബിജുമോന്റെ നേതൃത്വത്തിൽ 3 മണിക്കൂറിലേറെ ചോദ്യം ചെയ്തു. ടോണിയാണ് നായാട്ടിന് പോകാൻ നിർബന്ധിച്ചതെന്ന് പ്രതികൾ പറഞ്ഞു. രാത്രി വനത്തിലെത്തിയ ഉടൻ ആന വന്നു. ആനയെ വെടിവെച്ച് വീഴ്ത്താൻ ശ്രമിക്കുന്നതിനിടെയാണ്  അബദ്ധത്തിൽ ടോണിക്ക് വെടിയേൽക്കുന്നത്.മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കോതമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ വനം വകുപ്പ് കോടതിയെ സമീപിച്ചിട്ടുണ്ട്.
 

click me!