
ആലപ്പുഴ: മാലിന്യങ്ങളില്‍ നിന്നും പ്രകാശം പരത്തി നാടിന് നന്മയൊരുക്കുകയാണ് വിദ്യാസമ്പന്നരായ എട്ടു യുവാക്കള്‍. വൈറ്റ് കോളര്‍ ജോബെന്ന തട്ടകത്തില്‍ തങ്ങളുടെ സ്വപ്നങ്ങളെ ഒതുക്കി നിര്‍ത്താതിരുന്നപ്പോള്‍ സമൂഹത്തില്‍ ഇവര്‍ പരത്തിയത് നന്മയുടെ പ്രകാശം. 'ലൈറ്റ് ഇറ്റ് അപ്പ്' എന്ന സംഘടനയിലൂടെ മാലിന്യത്തില്‍ നിന്നു വരുമാനവും അതുവഴി നാടിനെ പ്ലാസ്റ്റിക്കില്‍ നിന്ന് രക്ഷിക്കുവാനും ശ്രമിക്കുകയാണ് ഒരുകൂട്ടം യുവാക്കള്‍. ആലപ്പുഴയില്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന 'ലൈറ്റ് ഇറ്റ് അപ്പ്' എന്ന സംഘടന തൊഴില്‍ ഇല്ലായ്മയ്ക്കും മലിനീകരണത്തിനുമെതിരെ പോരാടുകയാണ്.
മെക്കാനിക്കല്‍ എഞ്ചിനിയറായ ഇരവുകാട് സ്വദേശി അനു കാര്‍ത്തിക്കിന്റെ മനസ്സിലുദിച്ച ആശയത്തിനു കൂട്ടുകാരുടെ പൂര്‍ണ്ണ പിന്‍തുണ കൂടി ലഭിച്ചപ്പോള്‍ സംഗതി കഌക്കായി. പരിസ്ഥിതി സംരക്ഷണം എന്ന ആശയത്തിലൂന്നിയാണ് നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനം. പാഴ്വസ്തുക്കളെ എങ്ങനെ അലങ്കാര വസ്തുക്കളായി മാറ്റാമെന്ന പരിശീലനമാണ് ഇപ്പോള്‍ 'ലൈറ്റ് ഇറ്റ് അപ്പ്' നല്‍കുന്നത്.
സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും കൂടുംബശ്രീ യൂണിറ്റുകള്‍ക്കുമാണ് പരിശീലനം. കുടിവെള്ള കുപ്പികളും, പേപ്പറുകളുമെല്ലാം കളിപ്പാട്ടങ്ങളും, ആഭരണങ്ങളും, അലങ്കാരവസ്തുക്കളുമായി രൂപം മാറുന്നു. ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ച് ഇരവുകാട് വാര്‍ഡിലൊരു പൂന്തോട്ടം തന്നെ ഇവര്‍ ഒരുക്കികഴിഞ്ഞു. കനാല്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന ക്യാംപിലും ലൈറ്റ് അപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. കനാലുകളിലെ പല്‍സ്റ്റിക്കുകള്‍ നീക്കം ചെയ്തതോടൊപ്പം മാലിന്യങ്ങള്‍ റീ സൈക്കിള്‍ ചെയ്തു ഉപയോഗപ്രദമാക്കി.
കിലയുടേയും മുബൈ ഐഐ ടി യുടേയും നേതൃത്വത്തിലായിരുന്നു കനാല്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നത്. സംസ്ഥാനത്തെ വിവിധ എഞ്ചിനിയറിംഗ് ,എം എസ് ഡബഌൂ കോളജുകളിലെയും 300 ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നായിരുന്നുകനാല്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ക്യാപിന് വന്നവര്‍ക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി തുണി ബാഗ്,സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍, പേപ്പര്‍ പേന, റീ സൈക്കിള്‍ ചെയ്ത കാര്‍ഡ് ബോര്‍ഡ് ഷീറ്റ്, റീ സൈക്കിള്‍ ഫയല്‍ എന്നിവ ചേര്‍ന്ന സ്റ്റാര്‍ട്ടര്‍ കിറ്റുകള്‍ ലൈറ്റ് അപ്പ് നല്‍കി. കൂടാതെ ജില്ലയിലെ 8 ഹോട്ടലുകളിലെ ഒരു ദിവസത്തെ പ്ലാസ്റ്റിക്ക് കുപ്പികള്‍ ശേഖരിച്ച് മൂന്നു രീതിയിലെ വ്യത്യസ്ത വലിയ രൂപങ്ങളുണ്ടാക്കി.
പ്ലാസ്റ്റിക്ക് കുപ്പികള്‍ കൊണ്ട് കൂടാരം, രജിസ്‌ട്രേഷന്‍ ഡസ്‌ക്ക്, പൂന്തോട്ടം എന്നിവ നിര്‍മ്മിച്ചു. കേവലം പരിസ്ഥിതി സംരക്ഷണത്തിലൊതുങ്ങുന്നില്ല ലൈറ്റ് ഇറ്റ് അപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. 'മൂല്യാധിഷ്ഠിത വിദ്യാഭ്യാസ'വും 'സത്രീ ശാക്തീകരണ'വുമാണ് സംഘടന ലക്ഷ്യം വയ്ക്കുന്ന പ്രധാന മേഖലകള്‍. ഇതില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന ഗവേഷണത്തിലാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. പരിസ്ഥിതി സംരക്ഷണം,സ്ത്രീ ശാക്തീകരണം എന്നീ മേഖലകളെ കൂട്ടിയിണക്കിയാണ് പ്രവര്‍ത്തനങ്ങള്‍.
മാലിന്യങ്ങളെ അലങ്കാരവസ്തുക്കളാക്കാന്‍ പരിശീലനം സിദ്ധിച്ചവര്‍ക്ക് സ്വന്തമായി യൂണിറ്റ് തുടങ്ങാനുള്ള പ്രചോദനവും സഹായങ്ങളും ലൈറ്റ് ഇറ്റ് അപ്പ് നല്‍കും.അങ്ങനെ വനിതകളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുന്നു. 'ലൈറ്റ് ഇറ്റ് അപ്പ്' സ്ഥാപകനായ അനു കാര്‍ത്തിക്കിനൊപ്പം, നെസി എലിസബത്ത്,എം.ധന്യ, പി.ആര്‍.റിഷ്യാന്‍,വിനീത് മേനോന്‍,ഡോ.അനന്തു മുരളീധരന്‍,ബേസന്‍ തോമസ് ജോര്‍ജ്,റിയാ ഗ്രേസ് മാത്യൂ എന്നിവരാണ് സ്ഥാപനത്തിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam