തിരുവനന്തപുരം കോർപ്പറേഷനിൽ ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ബിജെപി അംഗം ആർ ശ്രീലേഖ. എന്നാൽ, നാല് പതിറ്റാണ്ടത്തെ ഇടതുഭരണം അവസാനിപ്പിച്ച് അധികാരത്തിലെത്തിയ ബിജെപി, പുതിയ മേയറെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ആർ ശ്രീലേഖ. സത്യപ്രതിജ്ഞക്ക് ശേഷം ‘വന്ദേ മാതരം’ പറഞ്ഞാണ് ആർ ശ്രീലേഖ അവസാനിപ്പിച്ചത്. അതേസമയം, സത്യപ്രതിജ്ഞക്ക് പിന്നാലെ അണികൾ ഉച്ചത്തിൽ ‘ഭാരത് മാതാ കീ ജയ് വിളിച്ചു’. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ മേയർ ആരെന്ന കാര്യത്തിൽ ആകാംക്ഷ നിലനിർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ചരിത്രമെഴുതിയ ബിജെപി തലസ്ഥാനത്തിന് ഒരു വനിതാ മേയറെ സമ്മാനിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ചാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലേക്കെത്തുന്നത്. വലിയ ആവേശത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പം അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. തലസ്ഥാനത്തെ മേയർ ആരായിരിക്കുമെന്നതിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. പ്രതിപക്ഷത്തിരിക്കുമെന്ന് എൽഡിഎഫും യുഡിഎഫും വ്യക്തമാക്കി. ഇന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഘോഷയാത്രയായാണ് ബിജെപി അംഗങ്ങൾ കോര്‍പറേഷനിലേക്ക് എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷനും കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് പ്രകാശ് ജാവ്ദേക്കറും മറ്റ് പ്രമുഖ നേതാക്കളും ഒപ്പമെത്തി. ഭൂരിപക്ഷത്തിന് ഒരു സീറ്റിന്‍റെ കുറവ് കാര്യമാക്കുന്നില്ലെന്നും മേയര്‍ പ്രഖ്യാപനത്തിലെ സസ്പെൻസ് അങ്ങനെ നിലനിൽക്കട്ടെ എന്നും നേതാക്കൾ പറഞ്ഞു.
26നാണ് മേയർ തെരഞ്ഞെടുപ്പ്. അത് വരെ ചർച്ച തുടരും. ആർ ശ്രീലേഖയോ വിവി രാജേഷോ എന്ന സസ്പെൻസ് ഇപ്പോഴും തുടരുകയാണ്. അതോ അപ്രതീക്ഷിത മേയർ വരുമോ എന്നതിലും തീരുമാനമായിട്ടില്ല. അപ്രതീക്ഷിത തിരിച്ചടിയുടെ ആഘാതം ഇടതുമുന്നണിക്ക് ഉണ്ടെങ്കിലും സത്യപ്രതിജ്ഞാ ഹാളിലെ ആവേശക്കാഴ്ചകൾക്കൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യവാചകം ചൊല്ലി യുഡിഎഫ് നിരയും ഒപ്പം. രണ്ട് സ്വതന്ത്ര അംഗങ്ങളുടെ നിലപാടും കോര്‍പറേഷൻ ഭരണത്തിൽ നിര്‍ണ്ണായകമാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി മരിച്ച വിഴിഞ്ഞത്ത് ജനുവരി പന്ത്രണ്ടിനാണ് തെരഞ്ഞെടുപ്പ്. മൂന്ന് മുന്നണികൾക്കും ഒരുപോലെ നിര്‍ണ്ണായകമായ ഒരു സീറ്റിൽ 9 സ്ഥാനാര്‍ത്ഥികൾ ഇതുവരെ മാത്രം പത്രിക നൽകിയിട്ടുണ്ട്.


