
വെല്ലൂര്‍: ജ്യേഷ്ഠന് വേണ്ടി പെണ്ണുകാണല്‍ ചടങ്ങില്‍ വെച്ച് വധുവുമായി അനുജന്‍ പ്രണയത്തിലാവുക. ആറ് മാസത്തിന് ശേഷം വിവാഹ വേദിയില്‍ വെച്ച് ജ്യേഷ്ഠനെ തള്ളിമാറ്റി തന്റെ കാമുകിയുടെ കഴുത്തില്‍ അനിയന്‍ താലി ചാര്‍ത്തുക... സിനിമാ കഥകളെ വെല്ലുന്ന നാടകീയ രംഗങ്ങളാണ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നടന്ന ഒരു വിവാഹത്തെ വാര്‍ത്തയാക്കിയത്.
തിരൂപ്പൂരിനടുത്ത് ചെല്ലാറപ്പാട്ടിയിലുള്ള കാമരാജിന്റെ രണ്ടാമത്തെ മകന്‍ രാജേഷിന്റെ വിവാഹമായിരുന്നു നിശ്ചയിച്ചിരുന്നത്. രാജപാളയം സ്വദേശിയായ കാളീശ്വരിയായിരുന്നു വധു. തിരുപ്പൂരിലെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹത്തിനായി വധുവിന്റെ ബന്ധുക്കള്‍ ദിവസങ്ങള്‍ക്ക് മുമ്പേ തിരുപ്പൂരില്‍ എത്തിയിരുന്നു. വിവാഹ ദിവസം ഇരു കുടുംബങ്ങളും രാവിലെ തന്നെ ക്ഷേത്രത്തിലെത്തി. ചടങ്ങുകളനുസരിച്ച് വരനും വധുവുമൊക്കെ കാരണവന്മാരുടെ അനുഗ്രഹം വാങ്ങി. പൂജകള്‍ക്ക് ശേഷം താലി വരന്റെ കൈയ്യില്‍ കൊടുത്ത ശേഷം വധുവിന്റെ കഴുത്തില്‍ ചാര്‍ത്താന്‍ പൂജാരി ആവശ്യപ്പെട്ട സമയത്തായിരുന്നു കഥയിലെ ട്വിസ്റ്റ്.
വരന്‍ രാജേഷിന്റെ അനിയന്‍ വിനോദ് അവിടേക്ക് ഓടിയെത്തി രാജേഷിനെ തള്ളി താഴെയിട്ടു. ബന്ധുക്കളെല്ലാം അമ്പരന്ന് നില്‍ക്കെ തന്റെ പോക്കറ്റില്‍ കരുതിയിരുന്ന താലിയെടുത്ത് വിനോദ് വധുവിന്റെ കഴുത്തില്‍ കെട്ടി. കോപാകുലരായ ബന്ധുക്കളെല്ലാം ചേര്‍ന്ന് വിനോദിനെ തല്ലാന്‍ നോക്കിയപ്പോഴും വധുവിന് മാത്രം ഒരു ഭാവ വ്യത്യാസവുമില്ല. ഏവരെയും അമ്പരപ്പിച്ചുകൊണ്ട് വിനോദ് ഒടുവില്‍ ആ രഹസ്യം തുറന്നു പറഞ്ഞു. താനും കാളീശ്വരിയും തമ്മില്‍ പ്രണയത്തിലായിരുന്നു...!!! സംഗതി സത്യമാണെന്ന് വധുവും സമ്മതിച്ചു. ആറ് മാസം മുമ്പ് ജ്യേഷ്ഠന്റെ വിവാഹ നിശ്ചയ സമയത്താണ് ഇരുവരും ആദ്യമായി കണ്ടത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയ ബദ്ധരായി പോയത്രെ. പിന്നെ ഫോണ്‍ വഴി ബന്ധം ദൃഢമായി. വിവാഹത്തിന് തൊട്ട് മുമ്പ് വരെ ആരോടും പറയാതെ ഇവര്‍ രഹസ്യമാക്കി വെച്ചു.
കാളീശ്വരിയും വിനോദും എല്ലാം നേരത്തെ തീരുമാനിച്ചിരുന്നുവെന്നറിഞ്ഞതോടെ ബന്ധുക്കളും പല തട്ടിലായി. ഏറെ നേരത്തെ സംസാരങ്ങള്‍ക്കൊടുവില്‍ എന്തായാലും കെട്ടിയ താലി അങ്ങനെ തന്നെ ഇരുന്നോട്ടെയെന്ന് തീരുമാനിച്ചു. വിനോദ് വധുവിന്റെ വിട്ടിലേക്ക് പോവുകയും ചെയ്തു. എല്ലാം കണ്ട് ദേഷ്യം പിടിച്ച പാവം ഒര്‍ജിനല്‍ വരന്‍ മാത്രം എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലുമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam