ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് പാകിസ്ഥാനില്‍ നാല് വധശിക്ഷ

By Web DeskFirst Published Feb 18, 2018, 1:58 AM IST
Highlights

ലാഹോര്‍: പാക്കിസ്ഥാനെ പിടിച്ചു കുലുക്കിയ സൈനബ് അന്‍സാരി വധക്കേസില്‍ വിധി പ്രഖ്യാപിച്ചു. ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് ചവറുകൂനയില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിയെ തൂക്കിക്കൊല്ലാന്‍ ലാഹോറിലെ തീവ്രവാദവിരുദ്ധ കോടതി  ഉത്തരവിട്ടു

കഴിഞ്ഞ ജനുവരിയിലാണ് പഞ്ചാബ് പ്രവശ്യയിലെ കസൂറില്‍ ഏഴുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ചവറുകൂനയില്‍ ഉപേക്ഷിച്ചത്. രണ്ടാഴ്ചയോളം പാക്കിസ്ഥാനെ പിടിച്ചു കുലുക്കിയ പ്രക്ഷോഭങ്ങള്‍ക്കാണ് ആ കൊലപാതകം വഴിവച്ചത്. കുഞ്ഞു സൈനബിനായി ജനം പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങി. പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കപ്പെട്ടു. മാധ്യമങ്ങളും  പ്രതിഷേധങ്ങളില്‍ നേരിട്ട് പങ്കാളികളായി. ഇതിനെല്ലാമിടെയാണ് അയല്‍ക്കാരനായ  ഇമ്രാന്‍ അലിയെന്ന 24കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് നാല് വധശിക്ഷകള്‍ വിധിച്ചുവെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിധിയില്‍ സന്തോഷമുണ്ടെന്നും  സൈനബിനെ സ്വന്തം മകളായി പരിഗണിച്ച ന്യായാധിപന് നന്ദി പറയുന്നെന്നുമായിരുന്നു സൈനബിന്‍റെ അച്ഛന്‍ അമീന്‍ അന്‍സാരിയുടെ പ്രതികരണം. മകളുടെ കൊലപാതകിയെ തൂക്കിലേറ്റുകയല്ല കല്ലെറിഞ്ഞുകൊല്ലുകയാണ് വേണ്ടതെന്ന് സൈനബിന്‍റെ അമ്മ നുസ്രത്ത് ആവശ്യപ്പെട്ടു. മകളെ കൊന്ന് ഉപേക്ഷിച്ച സ്ഥലത്ത് വച്ചുതന്നെ വധശിക്ഷ നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ച സൈനബ് കേസ് പാക്കിസ്ഥാനില്‍ ലൈംഗിക വിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കേണ്ടതിന്‍റെ പ്രസക്തിയും ചര്‍ച്ചയാക്കിയിരുന്നു.

click me!