
റിയോഡി ജനീറോ: റിയോ ഒളിംപിക്‌സിലെ നീന്തല്‍ക്കുളം പുതിയ റെക്കോര്‍ഡുകള്‍ക്കും അട്ടിമറിക്കും വേദിയായി. ബ്രിട്ടന്റെ ആദം പീറ്റി ലോക റെക്കോര്‍ഡിട്ടപ്പോള്‍ നീന്തലിലെ സ്വര്‍ണനേട്ടത്തോടെ പോയിന്റ് പട്ടികയില്‍ മുന്നേറ്റം നടത്തിയത് ഓസ്‍ട്രേലിയയായിരുന്നു.
പ്രവചനങ്ങള്‍ ശരിവെക്കുംവിധം വനിതകളുടെ 4x 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ഓസ്‍ട്രേലിയ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ആദ്യ ഒളിംപിക്‌സിനിറങ്ങിയ ബ്രിട്ടന്റെ ആഡം പീറ്റി പുതിയ റെക്കോര്‍ഡിക്കാണ് ഹീറ്റ്സില്‍ ഫിനിഷ് ചെയ്തത്. 100 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്ക് മത്സരം 57.55 സെക്കന്റില്‍ പീറ്റി ഫിനിഷ് ചെയ്തു.
വനിതകളുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‍ലേയില്‍ ഹംഗറിയുടെ കാറ്റിന്‍ക ഹൊസ്സു ലോക റെക്കോര്‍ഡോഡെ സ്വര്‍ണം നേടിയപ്പോള്‍ പുരുഷന്‍മാരുടെ ഇതേയിനത്തില്‍ ജപ്പാന്റെ കൊസുക ഹൊജിനോ വിനാണ് സ്വര്‍ണം.
പുരുഷന്‍മാരുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഓസ്‍ട്രേലിയയുടെ മാക് ഹോര്‍ട്ടനും സ്വര്‍ണം നേടി. സ്വീഡന്റെ ലോക ചാമ്പ്യന്‍ സാറ ജോസ്ട്രം 100മീറ്റര്‍ ബട്ടര്‍ഫ്ലൈസ് ഹീറ്റ്സില്‍ ഒളിംപിക് റെക്കോര്‍ഡിട്ടു.
ആദ്യ ദിനം നീന്തല്‍ക്കുളം കണ്ട വലിയ അട്ടിമറികളിലൊന്നില്‍ ചൈനയുടെ നിലവിലെ ചാമ്പ്യന്‍ യി ഷിവെന്‍ ഫൈനല്‍ കാണാതെ പുറത്തായി. 400 മീറ്റര്‍ മെഡ്‍ലെയില്‍ ചൈനയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ് യി ഷിവെന്റെ പുറത്താകല്‍.