
റിയോ ഡി ജനീറോ: റിയോയില്‍ ഉസൈന്‍ ബോള്‍ട്ടിന് മൂന്നാം സ്വര്‍ണ്ണം. 4 x 100 മീറ്റര്‍ റിലേയില്‍ ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെട്ട ജമൈക്കന്‍ ടീമിന് സ്വര്‍ണ്ണം. എതിരാളികളെ വളരെ പിന്നിലാക്കി ബോള്‍ട്ട് ഓടിയെത്തിയപ്പോള്‍ ജമൈക്കയ്‌ക്ക് സ്‌പ്രിന്റ് ആധിപത്യം സമ്പൂര്‍ണമായി. മൂന്നു ഒളിംപിക്‌സുകളിലായി ബോള്‍ട്ടിന്റെ സുവര്‍ണ്ണനേട്ടം ഒമ്പതായി. അടുത്തകാലത്തായി പ്രായം തളര്‍ത്തിയെങ്കിലും ബോള്‍ട്ടിനെ വെല്ലുവിളിക്കാന്‍ ഒരാള്‍ പോലും റിയോയില്‍ ഉണ്ടായില്ല. ഒളിംപിക്‌സില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ തന്നെ ബോള്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നൂറ്, ഇരുന്നൂറ് മീറ്ററുകളിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ബോള്‍ട്ട് സ്വര്‍ണം നേടിയത്. റിലേയില്‍ അട്ടിമറി ജയവുമായി അമേരിക്കയെ പിന്തള്ളി ജപ്പാന്‍ വെള്ളി നേടി. ഇതാദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം നൂറു മീറ്റര്‍ റിലേയില്‍ വെള്ളി നേടുന്നത്. ജമൈക്കയെ വെല്ലുവിളിച്ച് സ്വര്‍ണം നേടാനെത്തിയ അമേരിക്കയ്‌ക്ക് അയോഗ്യത വിനയായപ്പോള്‍ വെങ്കലം കാനഡയ്‌ക്ക് ലഭിച്ചു.
അതേസമയം വനിതകളുടെ 100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടാന്‍ ജമൈക്കയ്‌ക്ക് സാധിച്ചില്ല. ഈയിനത്തില്‍ അമേരിക്കയ്‌ക്കാണ് സ്വര്‍ണം. സ്‌പ്രിന്റ് ഡബിള്‍ നേടിയ എലെയ്ന്‍ തോംസണ്‍, മുന്‍ ലോക ജേതാവ് ഷെല്ലി ആന്‍ ഫ്രേസര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജമൈക്കയ്‌ക്ക് വെള്ളി നേടാനെ സാധിച്ചുള്ളു. ബ്രിട്ടനാണ് വെങ്കലം.