ഒളിംപിക്‌സിന് പോകാന്‍ പറഞ്ഞത് ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി!

By Web DeskFirst Published Aug 2, 2016, 4:37 AM IST
Highlights

റിയോ ഡി ജനീറോ: റിയോയിലേക്ക് തിരിച്ച ഓസ്‌ട്രേലിയന്‍ ഡൈവിംഗ് താരം ബ്രിട്ടാനി ഒബ്രെയ്‌ന് ഇപ്പോഴും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. കാരണം ഓസീസ് ടീം ബ്രസീലിലേക്ക്  തിരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്പാണ് ബ്രിട്ടാനിയോട് ടീമിനൊപ്പം ചേരാന്‍ പറഞ്ഞത്. അതും ഉറക്കത്തില്‍നിന്ന് വിളിച്ചേല്‍പ്പിച്ച്.

ഒളിംപിക്‌സില്‍ പങ്കെടുക്കണമെന്ന കുഞ്ഞുനാള്‍ മുതലുള്ള ആഗ്രഹം തലനാരിഴക്ക് നഷ്ടമായതിന്റെ നിരാശയിലായിരുന്നു പതിനെട്ടുകാരി ബ്രിട്ടാനി ഒബ്രെയ്ന്‍ ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നത്. കൂട്ടുകാരെല്ലാം പിറ്റേന്ന് റിയോയിലേക്ക് തിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ഒളിംപിക് യോഗ്യതാ മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരിയായതോടെയാണ് ബ്രിട്ടാനി ഒബ്രെയ്‌ന്റെ റിയോ സാധ്യതകള്‍ അവസാനിച്ചത്. അന്ന് 10 മീറ്റര്‍ പ്ലാറ്റ് ഫോം ഡൈവിംഗില്‍ ഒന്നാമതെത്തി റിയോയ്ക്ക് യോഗ്യത നേടിയത് മറ്റൊരു ബ്രിട്ടാനിയായിരുന്നു. ബ്രിട്ടാനി ബ്രോബെയ്ന്‍. അങ്ങനെയിരിക്കുന്‌പോഴാണ് റിയോയിലേക്ക് പോകേണ്ടതിന് തൊട്ടുമുമ്പ് ബ്രിട്ടാനി ബ്രോബെയ്‌നെറെ തോളെല്ലിന് പരുക്കേല്‍ക്കുന്നത്. പെട്ടെന്ന് തന്നെ ടീമിനൊപ്പം ചേരാന്‍  ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ സംഘത്തലവന്‍ കിറ്റി ഷില്ലര്‍ ബ്രിട്ടാനി ഒബ്രെയ്‌നെ ഫോണില്‍ വിളിക്കുന്നു. ഫോണെടുത്തത് അച്ഛന്‍. ഉറക്കത്തിലായിരുന്ന ബ്രിട്ടാനിയെ അച്ഛന്‍ വിളിച്ചേല്‍പ്പിച്ച് കാര്യം പറഞ്ഞു. സ്വപ്നമാണ് സത്യമാണോ എന്നായിരുന്നു ബ്രിട്ടാനിയുടെ സംശയം.

അങ്ങനെ പെട്ടെന്ന് തന്നെ ടീമിനൊപ്പം ചേര്‍ന്ന് റിയോയിലേക്ക് തിരിച്ചു. ഒരു സ്വപ്നം സാക്ഷാത്കരിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് ബ്രിട്ടാനിയിപ്പോള്‍.

click me!