മോഷണകഥ മെന‌ഞ്ഞ് അമേരിക്കയെ നാണംകെടുത്തിയ റയാൻ ലോക്‌ടെയ്ക്ക് ആജീവനാന്ത വിലക്ക് ?

By Web DeskFirst Published Aug 22, 2016, 9:03 AM IST
Highlights

റിയോ ഡി ജനീറോ: അമേരിക്കൻ നീന്തൽ താരം റയാൻ ലോക്‌ടെയ്ക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. റിയോയിൽ മോഷണത്തിന് ഇരയായെന്ന് കള്ളക്കഥ മെനഞ്ഞതിനാണ് നടപടി. റിയോയിൽ മെഡൽ വേട്ടയിൽ ഒന്നാമതെത്തിയ അമേരിക്കൻ ടീമിന് നാണക്കേട് ഉണ്ടാക്കിയ സംഭവമായിരുന്നു മോഷണ നാടകം.

പാർട്ടിയിൽ പങ്കെടുത്തശേഷം ഒളിംപിക് വില്ലേജിലേക്ക് വരുന്ന വഴി മോഷണത്തിന് ഇരയായെന്ന് അമേരിക്കൻ നീന്തൽ താരങ്ങൾ കള്ളക്കഥ മെനയുകയായിരുന്നു. റിയോയിലെ പെട്രോൾ പമ്പിൽ ഇവ‍ർ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ ജാള്യത മറക്കാനായിരുന്നു ഇത്. ഒളിംപിക്സിൽ 12 മെഡലുകൾ നേടിയ റയാൻ ലോക്‌ടെ ഉൾപ്പെടെ നാല് നീന്തൽ താരങ്ങളായിരുന്നു നുണക്കഥക്ക് പിന്നിൽ. സംഭവം അമേരിക്കക്ക് നാണക്കേട് ഉണ്ടാക്കിയെന്നും  നാലു പേർക്കെതിരെയും കടുത്ത നടപടി ഉടൻ ഉണ്ടാകുമെന്നും അമേരിക്കൻ ഒളിംപിക് കമ്മിറ്റി സി.ഇ.ഒ. സ്കോട്ട് ബ്ലാക്മൺ പറഞ്ഞു.

മികച്ച രീതിയിൽ ഒളിംപിക്സ് സംഘടിപ്പിച്ച ബ്രസീലിയൻ ജനതക്ക് വിഷമമുണ്ടാക്കുന്നതായിരുന്നു താരങ്ങളുടെ പ്രവർത്തി. കള്ളക്കഥയുടെ മുഖ്യസൂത്രധാരനായ ലോക്ടേക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന സൂചനയും ബ്ലാക്ക്മൺ നൽകി.  അമേരിക്കൻ ടീം അംഗങ്ങൾ നാട്ടിൽ തിരിച്ചെത്തിയശേഷമാകും യുഎസ് ഒളിംപിക് കമ്മിറ്റി യോഗം ചേർന്ന് അച്ചടക്ക നടപടി തീരുമാനിക്കുക. ഇതിനിടെ റയാൻ ലോക്‌ടെ വീണ്ടും ക്ഷമാപണം നടത്തി. പെരുമാറ്റം അപക്വമായിപ്പോയെന്നും മാപ്പ് തരണമെന്നും ലോക്‌ടെ പറഞ്ഞു.

click me!