ഇന്ത്യന്‍ ജിംനാസ്റ്റിക്സിലെ ദിപയെന്ന ദീപം

By Web DeskFirst Published Aug 8, 2016, 7:20 PM IST
Highlights

റിയോ ഡി ജനീറോ: കഠിനാദ്ധ്വാനത്തിന്‍റെ പെണ്‍രൂപമാണ് ദിപ ക‍ര്‍മാര്‍കര്‍. ഇന്ത്യയില്‍ അത്രയൊന്നും പ്രചാരത്തിലില്ലാത്ത ജിംനാസ്റ്റിക്‌സില്‍ സ്വന്തം വഴികള്‍ വെട്ടിത്തുറന്നാണ് ദിപ ചരിത്രനേട്ടങ്ങള്‍ സ്വന്തമാക്കിയ പ്രതിഭ. ജിംനാസ്റ്റിന് ചേര്‍ന്ന ശരീര പ്രകൃതമില്ല. പരന്ന കാല്‍പാദമെന്ന വലിയ കുറവും കൂട്ടിന്. ആറാം വയസ്സില്‍ പരിശീലനത്തിന് എത്തുമ്പോള്‍ കോച്ച് ബിശേശ്വര്‍ നന്ദിക്ക് ദിപയില്‍ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല.

ദിവസം 8 മണിക്കൂ പരിശീലനം. മികവിനായി ഏത് കഠിനപരിശീലനത്തിനും ദിപ തയ്യാറായപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. പ്രതീക്ഷകള്‍ ഒളിംപിക്‌സോളം വളര്‍ന്നു. മുന്നിലെ വഴികള്‍ എളുപ്പമല്ലെന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയത് ദിപ തന്നെയായിരുന്നു.ഇതുകൊണ്ടു തന്നെ ജിംനാസ്റ്റിക്‌സിലെ ഏറ്റവും അപകടകരമായ പ്രോഡുനോവ വോള്‍ട്ട് ദിപ ഇഷ്‌ട ഇനമായി തിരഞ്ഞെടുത്തു.

പ്രോഡുനോവ വോള്‍ട്ട് അപകടമാണ് എന്നെനിക്കറിയാം. ചെറിയൊരു പിഴവ് കായിക ജീവിതം അവസാനിപ്പിക്കും. പക്ഷേ, ജിംനാസ്റ്റിക്‌സില്‍ എനിക്ക് എന്തെങ്കിലും നേടണമെങ്കില്‍ റിസ്ക് എടുത്തേ മതിയാവൂ. പ്രോഡുനോവ വോള്‍ട്ട് വിജയകരമായി പൂര്‍ത്തിയാക്കിയ അഞ്ചുതാരങ്ങളില്‍ ഒരാള്‍. മരണവോള്‍ട്ടില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ താരം. ഒളിപിക് ജിംനാസ്റ്റിക്‌സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരിയുടെ പേരില്‍ തിളക്കമുള്ള നേട്ടങ്ങള്‍ ഏറെയുണ്ട്.
 
ഇതുകൊണ്ടുതന്നെയാണ് അന്താരാഷ്‌ട്ര ജിംനാസ്റ്റിക് ഫെഡറേഷന്‍ ദിപയ്‌ക്ക് വേള്‍ഡ് ക്ലാസ് ജിംനാസ്റ്റ് എന്ന അംഗീകാരം നല്‍കിയത്. നേട്ടങ്ങളില്‍ ഈ  ത്രിപുരക്കാരിക്ക് മുന്‍ഗാമികളില്ല. ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വെങ്കലം. ഇഞ്ചിയോണ്‍ ഏഷ്യാഡില്‍ നാലാം സ്ഥാനം. ഇരുപത്തിരണ്ടാം വയസ്സില്‍ ഒളിംപിക് ഫൈനലിസ്റ്റ്. റിയോയിലേക്ക് പുറപ്പെടും മുന്‍പ് ദിപ പറഞ്ഞു. ഫൈനലാണ് ആദ്യ ലക്ഷ്യം. പിന്നെയെല്ലാം വരുന്നപോലെ. ദിപ തന്റെ ലക്ഷ്യത്തിലെത്തിയിരിക്കുന്നു. കാത്തിരിക്കാം, അത്ഭുതങ്ങള്‍ക്കായി.

 

click me!