സിന്ധുവിന് സമ്മാനപെരുമഴ

By Web DeskFirst Published Aug 20, 2016, 2:22 AM IST
Highlights

ദില്ലി: റിയോ ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ വെള്ളി മെഡല്‍ നേടിയ പി.വി. സിന്ധുവിന് തെലുങ്കാന സര്‍ക്കാര്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ദേശീയ ബാഡ്മിന്‍റണ്‍ ഫെഡറേഷനും മധ്യപ്രദേശ് സര്‍ക്കാരും സിന്ധുവിന് 50 ലക്ഷം രൂപ വീതം പാരിതോഷികമായി നല്‍കും. അതേ സമയം ഹൈദരാബാദ് ബാഡ്മിന്‍റണ്‍ ഡിസ്ട്രിക്ക് അസോസിയേഷന്‍ സിന്ധുവിന് ഒരു ബിഎംഡബ്യൂ സമ്മാനിക്കാന്‍ ഒരുങ്ങുകയാണ്. 2012 ല്‍ ലണ്ടന്‍ ഒളിംപിക്സില്‍ സൈന നെയ്വാള്‍ വെങ്കലം നേടിയപ്പോഴും ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ ബിഎംഡബ്യൂ നല്‍കിയിരുന്നു.

ഇതിന് പുറമേ വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ സിന്ധുവിന് പാരിതോഷികം പ്രഖ്യാപിച്ചു കഴിഞ്ഞു. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പിവി സിന്ധുവിനും, സാക്ഷി മാലിക്കിനും 5 ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. വിജയവാഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ജ്വല്ലറി ഗ്രൂപ്പ് സിന്ധുവിന് ഒരു ഫ്ലാറ്റ് വാഗ്ദാനം ചെയ്തു കഴിഞ്ഞു. ഒപ്പം പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ ഒരു എസ്.യു.വിയാണ് സിന്ധുവിന് സമ്മാനിക്കാന്‍ ഒരുങ്ങുന്നത്.   കേന്ദ്രസര്‍ക്കാറിന്‍റെ പാരിതോഷികം സിന്ധു റിയോയില്‍ നിന്നും തിരിച്ചുവന്ന ശേഷം പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ട്.

click me!