
റിയോ ഡി ജനീറോ: കായിക മന്ത്രി വിജയ് ഗോയലിന് പിന്നാലെ ഇന്ത്യക്ക് നാണക്കേടായി അത്‍ലറ്റിക്സ് കോച്ചും. ഒളിംപിക് വില്ലേജിലെ വനിതാ ഡോക്ടറോട് മോശമായി പെരുമാറിയതിന് ഒ.പി. ജയ്ഷയുടെ കോച്ച് നിക്കോളയ് സ്നെസരേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. റിയോയിൽ മെഡൽ നേടാനാവാതെ ഇന്ത്യൻതാരങ്ങൾ വീർപ്പുമുട്ടുന്നതിന് പിന്നാലെ വിവാദങ്ങളുടെ നാണക്കേടും ആവർത്തിക്കുന്നു. ഒളിംപിക് വില്ലേജിലെ വനിതാ ഡോക്ടറോട് മോശമായി പെരുമാറിയ ഇന്ത്യൻ അത്‍ലറ്റിക്സ് കോച്ച് നിക്കോളയ് സ്നെസരേവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മലയാളിതാരം ഒ പി ജെയ്ഷ, ലളിത ബാബർ, സുധ സിംഗ് എന്നിവരുടെ പരിശീലകനാണ് ബെലാറസുകാരനായ നിക്കോളയ്. മാരത്തൺ മത്സരത്തിന് ശേഷം ക്ഷീണിതയായ ജെയ്ഷയെ ഒളിംപിക് വില്ലേജിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ജെയ്ഷയ്ക്കൊപ്പം ആശുപത്രിക്ക് അകത്തേക്ക് കോച്ചിനെ പ്രവേശിപ്പിക്കില്ലെന്ന് വനിതാ ഡോക്ടർ അറിയിച്ചു. പകരം സഹപരിശീലകനും മലയാളിയുമായ രാധാകൃഷ്ണൻ നായരെ ജെയ്ഷയ്ക്കൊപ്പം നിൽക്കാൻ അനുമതി നൽകി. ഇതിൽ ക്ഷുഭിതനായ നിക്കോളയ് ഡോക്ടറെ പിടിച്ചുതള്ളുകയും മോശമായി സംസാരിക്കുകയുമായിരുന്നു.
ഡോക്ടറുടെ പരാതിയെ തുടർന്ന് പൊലീസ് കോച്ചിനെ അറസ്റ്റ് ചെയ്തു. 10 മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ പിടിച്ചുവച്ച കോച്ചിനെ ബ്രസീലിലെ ഇന്ത്യൻ എംബസി ഇടപെട്ടാണ് മോചിപ്പിച്ചത്.അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അഭ്യർഥനയെ തുടർന്നാണ് ഇന്ത്യൻ എംബസി പ്രശ്നത്തിൽ ഇടപെട്ടത്. കോച്ചിനെതിരെ തുടർനടപടികൾ ഉണ്ടാവില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് അത്‍ലറ്റിക് ഫെഡറേഷൻ സെക്രട്ടറി സി കെ വൽസൻ പറഞ്ഞു.
നേരത്തേ, ഒളിംപിക്സ് വേദികളിൽ അനുമതിയില്ലാത്ത സ്ഥലങ്ങളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും വോളണ്ടിയർമാരോട് മോശമായി പെരുമാറുകയും ചെയ്ത കായിക മന്ത്രി വിജയ് ഗോയലിന്‍റെയും സംഘത്തിന്‍റെയും അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന് സംഘാടകസമിതി മുന്നറിയിപ്പ് നൽകിയിരുന്നു.