
റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സില്‍ ബാഡ്മിന്‍റണ്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ സൈന നെഹ്‍വാളും പി സിന്ധുവും ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. വനിത ഡബിള്‍സില്‍ ജ്വാല ഗുട്ട - അശ്വിനി പൊന്നപ്പ സഖ്യത്തിനും ഇന്ന് മത്സരമുണ്ട്.
ഒളിംപിക്‌സില്‍ ബാഡ്മിന്‍റണ്‍ കോര്‍ട്ട് ഉണരുമ്പോള്‍ ഏറെ പ്രതീക്ഷയുണ്ട് ഇന്ത്യക്ക്. ലണ്ടനിലെ വെങ്ക ലമെഡല്‍ ജേതാവ് സൈന നെഹ്‌വാളില്‍ത്തന്നെയാണ് കൂടുതല്‍ കണ്ണുകളും. വീണുകിട്ടിയ വെങ്കലം എന്ന ചിലരുടെയെങ്കിലും പരിഹാസത്തിന് സുവര്‍ണ നേട്ടത്തോടെ മറുപടി പറയുകയാകും സൈനയുടെ ലക്ഷ്യം. ഗ്രൂപ്പ് ഘട്ടത്തില്‍ താരതമ്യേന ദുര്‍ബലരാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ നേരിടേണ്ടത് ബ്രസീലിന്റെ ലൊഹൈനി വിന്‍സെന്റെയെ. എന്നാല്‍ നോക്കൗട്ട് സ്റ്റേജില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ക്വാര്‍ട്ടറില്‍ നിലവിലെ ചാംപ്യന്‍ ലി ഷുവറെയും സെമിയില്‍ ലോക ചാംപ്യന്‍ കരോലിന മാരിനും സൈനക്ക വെല്ലുവിളിയായേക്കും.
കന്നി ഒളിംപിക്‌സിനിറങ്ങുന്ന പി വി സിന്ധുവിനും ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാല്‍ യിഹാന്‍ വാംഗ് അടക്കമുള്ള കരുത്തരെ നേരിടേണ്ടി വരും. പുരുഷ സിംഗിള്‍സില്‍ ശ്രീകാന്തിന്റെ ആദ്യ മത്സരം വെള്ളിയാഴ്ചയാണ്.നിലവിലെ ഫോമില്‍ ശ്രീകാന്തിന് ക്വാര്‍ട്ടറിലെത്തുക അത്ര ബുദ്ധിമുട്ടാകില്ല. കഴിഞ്ഞ ഒളിംപിക്‌സില്‍ നിര്‍ഭാഗ്യം കൊണ്ട് ഗ്രൂപ്പ് ഘട്ടത്തിനപ്പുറത്തേക്ക് മുന്നേറാകാനാകാതെ പോയ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യത്തിന് ഇക്കുറി ഒന്നാം സീഡ് അടക്കമുള്ളവരെ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ നേരിടണം. പുരുഷ ഡബിള്‍സില്‍ മനു ആത്രി-സുമേത് റെഡ്ഡി സഖ്യത്തിനും മുന്നോട്ടുള്ള പ്രയാണം അത്ര എളുപ്പമാകില്ല.