ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് വിജയ തുടക്കം

By Web DeskFirst Published Aug 6, 2016, 3:34 PM IST
Highlights

റിയോ ഡി ജനീറോ: 36 വര്‍ഷങ്ങള്‍ക്കുശേഷം ഒളിംപിക്‌സ് ഹോക്കിയില്‍ മെഡല്‍ ലക്ഷ്യമിടുന്ന ഇന്ത്യ റിയോയില്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനക്കാരായി എത്തിയ ഇന്ത്യ, രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് അയര്‍ലന്‍ഡിനെ തകര്‍ത്തു. പൂള്‍ ബിയില്‍ മല്‍സരിക്കുന്ന ഇന്ത്യയ്‌ക്കു വേണ്ടി രൂപിന്ദര്‍ പാല്‍ സിംഗ്(27, 49) രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ വി രഘുനാഥ്(45) ഒരു ഗോള്‍ നേടി. ജെര്‍മെയ്ന്‍ ജോണ്‍ ഹാര്‍ട്ടെ കോണോര്‍ എന്നിവരാണ് അയര്‍ലന്‍ഡിന്റെ ഗോള്‍ നേടിയത്. ആദ്യ ക്വാര്‍ട്ടറില്‍ രഘുനാഥിന്റെ ഗോളിന് ഇന്ത്യ മുന്നിലെത്തിയിരുന്നു. രണ്ടാം ക്വര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ രൂപിന്ദറിന്റെ ഗോളില്‍ ഇന്ത്യ ലീഡ് ഉയര്‍ത്തി. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറിന്റെ അന്ത്യ നിമിഷങ്ങളില്‍ അയര്‍ലന്‍ഡ് ഗോള്‍ മടക്കി. ജെര്‍മിന്‍ ജോണ്‍ ആണ് ഗോള്‍ നേടിയത്. കളി തീരാന‍് നാലു മിനിട്ട് മാത്രം ശേഷിക്കെയാണ് അയര്‍ലന്‍ഡ് വീണ്ടും ഗോള്‍ നേടിയത്. പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ഇന്ത്യ മൂന്നു ഗോളുകളും നേടിയത്.

സമീപകാലത്ത് സുല്‍ത്താന്‍ അസ്ലാന്‍ഷാ ഹോക്കിയിലും ചാംപ്യന്‍സ് ട്രോഫിയിലും മികച്ച പ്രകടനത്തിന്റെ കരുത്തില്‍ റിയോയില്‍ എത്തിയ ഇന്ത്യയ്‌ക്ക് ആശിച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ജര്‍മ്മനി, നെതര്‍ലന്‍ഡ്സ് തുടങ്ങിയ കരുത്തര്‍ അണിനിരക്കുന്ന പൂള്‍ ബിയില്‍ ഇനിയുള്ള മല്‍സരങ്ങള്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയതാണ്. അതുകൊണ്ടുതന്നെ അയര്‍ലന്‍ഡിനെതിരായ വിജയം ശ്രീജേഷിനും കൂട്ടര്‍ക്കും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാണ്. ഓഗസ്റ്റ് എട്ടിന് നടക്കുന്ന അടുത്ത മല്‍സരത്തില്‍ കരുത്തരായ ജര്‍മ്മനിയാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇന്നു പൂള്‍ ബിയില്‍ നടന്ന അര്‍ജന്റീന - നെതര്‍ലന്‍ഡ്‌സ് മല്‍സരം 3-3ന് സമനിലയില്‍ കലാശിച്ചിരുന്നു. അര്‍ജന്റീനയ്‌ക്കുവേണ്ടി ലുകാസ് വില്ല രണ്ടു ഗോളും മത്യാസ് പരേഡെസ് ഒരു ഗോളും നേടയപ്പോള്‍ ജെറോണ്‍ ഹെര്‍ട്‌സ്ബെര്‍ഗര്‍, വാന്‍ ഡര്‍ വീര്‍ഡെന്‍ മിന്‍ക്, വാന്‍ അസ് സെവെറിയാനോ എന്നിവര്‍ നെതര്‍ലന്‍ഡ്‌സിനുവേണ്ടി സ്‌കോര്‍ ചെയ്‌തു.

click me!