
റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് മെഡലില്ലാതെ മടക്കം. ഷൂട്ടിംഗില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ അവസാനിച്ചു. ഇന്നു അവസാനം നടന്ന 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ഇന്ത്യന്‍ താരങ്ങളായ ചെയിന്‍ സിംഗ് ഇരുപത്തിമൂന്നാം സ്ഥാനത്തും ഗഗന്‍ നരംഗ് മുപ്പത്തിമൂന്നാം സ്ഥാനത്തുമാണ് എത്തിയത്. ഒരവസരത്തില്‍ ചെയിന്‍ സിംഗ് ആറാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും ആ മുന്‍തൂക്കം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഗഗന്‍ നരംഗ് തുടക്കം മുതല്‍ക്കേ പിന്നാക്കം പോയിരുന്നു.
2004ന് ശേഷം ആദ്യമായാണ് ഇന്ത്യ ഷൂട്ടിംഗില്‍ മെഡല്‍ നേടാതെ ഒളിംപിക്‌സില്‍ നിന്ന് മടങ്ങുന്നത്. 2004ല്‍ ഒരു വെള്ളിയും 2008ല്‍ ഒരു സ്വര്‍ണവും ഇന്ത്യ നേടിയിരുന്നു. 2012ല്‍ ഒരു വെള്ളിയും ഒരു വെങ്കലവും ഇന്ത്യ ഷൂട്ടിംഗില്‍ നേടി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഷൂട്ടിംഗ് സംഘത്തെയാണ് റിയോയിലേക്ക് ഇന്ത്യ അയച്ചത്. റിയോയില്‍ 12 പേരാണ് ഷൂട്ടിംഗില്‍ ഇന്ത്യക്കായി മത്സരിച്ചത്. ഇതില്‍ അഭിനവ് ബിന്ദ്രയ്‌ക്ക് നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്‌ടമായത് ഇന്ത്യന്‍ ക്യാംപിനെ ഏറെ നിരാശരാക്കിയിരുന്നു. ഇന്ത്യ ഇത്തവണ ഏറെ മെഡല്‍ സാധ്യത കല്‍പ്പിച്ചിരുന്ന ജിത്തു റായ് ഉള്‍പ്പടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് റിയോയില്‍ കാഴ്‌ചവെച്ചത്. ലോക ചാംപ്യന്‍ഷിപ്പുകളില്‍ നേടിയ വന്‍ വിജയങ്ങള്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് റിയോയില്‍ അത് തുടരാനാകാതെ പോയതിന് കാരണം, സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സാധിക്കാത്തതിനാലാണെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.