18 മെഡലുകള്‍ സ്വന്തമാക്കിയിട്ടുള്ള റഷ്യന്‍ വനിത!

By Web DeskFirst Published Aug 1, 2016, 10:36 AM IST
Highlights

റിസ ലറ്റിനിന. റഷ്യാക്കാര്‍ക്ക് ജീവിക്കുന്ന ഇതിഹാസമാണ് അവര്‍. കൂടുതല്‍ ഒളിംപിക് മെഡലുകള്‍ കൈവശമുളളവരില്‍ രണ്ടാംസ്ഥാനക്കാരി. 14 വ്യക്തിഗത മെഡലുകളുമായി ഒളിംപിക്‌സിന്റെ റെക്കോര്‍ഡ് പുസ്തകത്താളിലും ഈ വനിതയ്ക്ക് ഇപ്പോഴുമിടമുണ്ട്. പരിശീലകനായിരുന്ന കൊറിയോഗ്രാഫര്‍ നാടുവിട്ടതോടെ ബാലെ നടിയാകണമെന്ന മോഹം ഉപേക്ഷിച്ചാണ് ലറിസ ജിംനാസ്റ്റിക്‌സ് രംഗത്തെത്തിയത്. ആ തീരുമാനം പിന്നീട് അവളെ റഷ്യയുടെ എക്കാലത്തേയും മികച്ച ഒളിംപിക് താരങ്ങളിലൊരാളാക്കി. 56ലെ മെല്‍ബണ്‍ ഒളിംപിക്‌സിലായിരുന്നു ലറിസ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. നാലു സ്വര്‍ണമടക്കം ആറു മെഡലുകള്‍ അവര്‍ സമ്പാദിച്ചത് ഈ മേളയില്‍ നിന്നാണ്. റോം, ടോക്കിയോ മേളകളില്‍ നിന്നായി 5 സ്വര്‍ണവും 4 വെളളിയും മൂന്നു വെങ്കലവും ലറിസ സ്വന്തമാക്കി. മൂന്ന് ഒളിംപിക്‌സുകളില്‍ നിന്ന് 18 മെഡലുകള്‍. 9 സ്വര്‍ണം, 5 വെളളി, 4 വെങ്കലം. അതോടെ ഏറ്റവും കൂടുതല്‍ ഒളിംപിക് മെഡലുകള്‍ കൈവശമുളള താരമെന്ന റെക്കോര്‍ഡും ലറിസയ്ക്കു സ്വന്തം. 48 കൊല്ലത്തിനുശേഷം അമേരിക്കയുടെ നീന്തല്‍ ഇതിഹാസം മൈക്കേല്‍ ഫെല്‍പ്‌സാണ് ആ റെക്കോര്‍ഡ് മറികടന്നത്. ലറിസ 14 മെഡലുകള്‍ നേടിയത് വ്യക്തിഗത ഇനങ്ങളിലൂടെ. അത് ഇതുവരെ തകര്‍ക്കപ്പെടാത്ത ഒളിംപിക് റെക്കോര്‍ഡ്. 22 ഒളിംപിക് മെഡലുകള്‍ കൈയ്യിലുളള ഫെല്‍പ്‌സിനുപോലും വ്യക്തിഗത മെഡലുകള്‍ 11 എണ്ണം മാത്രം. മരുന്നടി വിവാദത്തെത്തുടര്‍ന്ന് റിയോ ഒളിംപിക്‌സില്‍ റഷ്യന്‍ താരങ്ങള്‍ പലരും വിലക്കിനെ അഭിമുഖീകരിക്കുമ്പോള്‍ ഒളിംപിക്‌സിലെ സോവിയറ്റ് വസന്തകാലത്തിന്റെ ഓര്‍മകളുമായി 81കാരിയായ ലറിസ ഇപ്പോഴും മോസ്‌കോവില്‍ ജീവിക്കുന്നു.

 

click me!