
റിയോ ഡി ജനീറോ: റിയോയില്‍ എത്തിയ മലയാളി താരങ്ങള്‍ ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം പരിശീലനം പുനരാരംഭിച്ചു. ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ റിയോയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടുവെന്ന് താരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒളിംപിക്‌സ് വേദിയായ റിയോയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനാണ് മലയാളി താരങ്ങളടങ്ങിയ ഇന്ത്യന്‍ സംഘം നേരത്തേ ഒളിംപിക് വില്ലേജില്‍ എത്തിയത്. താരങ്ങളെല്ലാം വലിയ സന്തോഷത്തില്‍. കാരണം ഇതുവരെ പരിശീലനം
നടത്തിയ ബാംഗ്ലൂരിലെ അതേ കാലാവസ്ഥ.
രാവിലെയും വൈകിട്ടുമുള്ള ചെറിയ തണുപ്പ് മാറ്റിനിറുത്തിയാല്‍ സാഹചര്യങ്ങള്‍ അനുകൂലം. മറ്റ് മലയാളികളെ ആരെയും ഇതുവരെ കണ്ടുമുട്ടിയില്ലെങ്കിലും ഭക്ഷണപ്പുരയില്‍ കപ്പയടക്കമുള്ള നാട്ടിലെ വിഭവങ്ങള്‍ കിട്ടുന്നതും സന്തോഷം ഇരട്ടിയാക്കുന്നു.
ഗെയിംസ് വില്ലേജ് ചുറ്റിക്കറങ്ങിയ താരങ്ങള്‍ ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം കോച്ച് മുഹമ്മദ് കുഞ്ഞിയുടെ മേല്‍നോട്ടത്തില്‍ പരിശീലനം പുനരാരംഭിച്ചു.