
റിയോഡിജനീറോ: ലണ്ടനിലെ നിരാശ മറക്കാന്‍ റാഫേല്‍ നദാലിന് റിയോയിൽ അവസരം. പരിക്ക് ഭേദമായി റാഫേല്‍ നദാല്‍ തിരിച്ചുവരുന്നു. റിയോ ഒളിമ്പിക്സിലെ ഉദ്ഘാടനച്ചടങ്ങില്‍ നദാൽ ആകും സ്പാനിഷ് പതാകയേന്തുക. കാല്‍മുട്ടിനേറ്റ പരിക്ക് കാരണം അവസാനനിമിഷം ലണ്ടന്‍ ഒളിംപിക്സില്‍ നിന്ന് നദാലിന് പിന്മാറേണ്ടി വന്നിരുന്നു.
നദാലിന്‍റെ പരിക്ക് ഭേദമായി വരുന്നതായും ഈ മാസം 30ന് തുടങ്ങുന്ന ടൊറന്റോ മാസ്റ്റേഴ്സില്‍ മത്സരിച്ച് ശാരീരികക്ഷമത തെളിയിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഫ്രഞ്ച് ഓപ്പണിടെ പരിക്ക് കാരണം പിന്മാറിയ നദാല്‍ വിംബിള്‍ഡണിലും മത്സരിച്ചിരുന്നില്ല. 2008ലെ ബീജിംഗ് ഒളിംപിക്സില്‍ സിംഗിള്‍സ് സ്വര്‍ണം നദാല്‍ നേടിയിരുന്നു.
കഴിഞ്ഞ ഒളിംപിക്സില്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ച് ആന്‍ഡി മറേയാണ് സിംഗിള്‍സ് സ്വര്‍ണം നേടിയത്. ഫെഡററും ജോക്കോവിച്ചും മറേയും ഉള്‍പ്പെടെയുളള പ്രമുഖതാരങ്ങള്‍ ഇക്കുറിയും മത്സരിക്കും. ഓഗസ്റ്റ് ആറ് മുതല്‍ 14 വരെ ഹാര്‍ഡ്കോര്‍ട്ടിലാകും റിയോയിലെ മത്സരങ്ങള്‍. സെറീന വില്ല്യംസ് ആണ് നിലവിലെ വനിതാ ചാമ്പ്യന്‍.