
ഒളിമ്പിക്സ് ഗെയിംസില്‍ പങ്കെടുത്ത ഒരേയൊരു ബ്രിട്ടിഷ് രാജകുടുംബാംഗമാണ് ആനി രാജകുമാരി. എലിസബത്ത് രാജ്ഞിയുടെ ഏക മകളായ ആനി രാജകുമാരി 1976 ഒളിമ്പിക്സിലാണ് മത്സരത്തിന് പങ്കെടുത്തത്. അശ്വാഭ്യാസ വിഭാഗത്തില്‍ ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും ആനി മത്സരിച്ചിരുന്നു.വ്യക്തിഗത ഇനത്തില്‍ ഇരുപത്തിനാലാം സ്ഥാനത്ത് മാത്രമാണ് ആനിക്ക് എത്താനായത്.
ടീം വിഭാഗത്തില്‍ ഒമ്പതാം സ്ഥാനത്തുമെത്തി.രാജകുടുംബമെന്ന പരിഗണനയോടെയായിരുന്നു ആനി ഒളിമ്പിക്സില്‍ മത്സരിച്ചത്. 1976 ഒളിമ്പിക്സില്‍ ലിംഗ നിര്‍ണ്ണയ പരിശോധനയ്ക്ക് വിധേയയാകാതിരുന്ന ഒരേയൊരു വനിതാ താരമായിരുന്നു ആനി രാജകുമാരി.(1968, മെക്സിക്കോ സിറ്റി ഒളിമ്പിക്സ് മുതല്‍ വനിതാ താരങ്ങള്‍ക്ക് ലിംഗ നിര്‍ണ്ണയ പരിശോധന ഏര്‍പ്പെടുത്തിയിരുന്നു).
എലിസബത്ത് രാജ്ഞിയുടെ മകള്‍ക്ക് ഇത്തരം നിയമങ്ങള്‍ ബാധകമല്ല എന്ന തീരുമാനത്തെ തുടര്‍ന്നായിരുന്നു ഇത്.