
റിയോ ഡി ജനീറോ: ഒളിംപിക്‌സിനെത്തിയ അഭയാര്‍ത്ഥി സംഘത്തിന് ആശംസകളുമായി ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. മെഡല്‍ നേടിയില്ലെങ്കിലും ഒരു രാജ്യത്തിന്റെയും പിന്തുണയില്ലാതെ എത്തിയ അഭയാര്‍ഥികളെ ഇനിയും പ്രോത്സാഹിപ്പിക്കാം എന്നായിരുന്നു ഹൃത്വിക്കിന്റെ ട്വീറ്റ്. താരത്തിന്റെ നല്ല വാക്കുകള്‍ക്ക് അഭയാര്‍ത്ഥി സംഘത്തിലെ നീന്തല്‍ താരം യുസ്ര മര്‍ദ്ദീനി നന്ദി അറിയിച്ചു.
മെഡല്‍ തിളക്കമില്ലാതെ നീന്തല്‍കുളംവിട്ടെങ്കിലും അഭയാര്‍ത്ഥി സംഘത്തിലെ കൊച്ചു സുന്ദരി യുസ്ര ഇപ്പോള്‍ ഹാപ്പിയാണ്. യുദ്ധഭൂമിയില്‍ നിന്ന് പോരാടി റിയോ വരെ എത്തിയ അവളുടെയും കൂട്ടുകാരുടെയും പരിശ്രമത്തെ പ്രശംസിച്ച് ബോളിവുഡിലെ സൂപ്പര്‍ താരം ഹൃത്വിക്ക് റോഷന്‍.ഒരു ദേശത്തിന്റെയും പിന്തുണയില്ലാതെ എത്തിയ അഭായര്‍ത്ഥികള്‍ക്ക് എല്ലാ പ്രോത്സാഹനവും നമുക്ക് നല്‍കാമെന്ന് താരത്തിന്റെ ട്വീറ്റ്.
പ്രിയ താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തു. കമന്റുകളിലൂടെ ലോകമെമ്പാടും നിന്നുള്ള കായിക പ്രേമികള്‍ അഭയാര്‍ത്ഥികളക്ക് ആശംസകളുമായി എത്തി. ഈ പ്രോത്സാഹനത്തിന് നിറമിഴികളോടെ നന്ദി പറയുകയാണ് യുസ്ര. ഈ വാക്കുകള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും കരുത്തുമേകുന്നു എന്നാണ് യുസ്രയുടെ ട്വീറ്റ്.
ഒന്നുറപ്പിക്കാം പ്രതിസന്ധികളോട് പടവെട്ടി റിയോയിലെത്തിയ യുസ്രയെയും അഭായാര്‍ഥി സംഘത്തിനും മെഡല്‍ നേടാനായിലെങ്കിലും ജേതാക്കളായി തന്നെയാണ് മടങ്ങുന്നത്.ലോകത്തിന്റെ മുഴുവന്‍ സ്നേഹവും കരുതലും സ്വന്തമാക്കിയെന്ന നേട്ടത്തോടെ.