
ഒരു സെല്‍ഫി എടുക്കുന്നത് വലിയ ആനക്കാര്യമാണോ. രണ്ട് കൊറിയന്‍ സുന്ദരികളുടെ സെല്‍ഫി ഇപ്പോള്‍ റിയോയില്‍ ആനക്കാര്യമാണ്. ലീ ഉന്‍ ജു, ഓങ് യുന്‍ ജോങ് എന്നീ രണ്ട് ജിംനാസ്റ്റുകളാണ് സെല്‍ഫി ആവേശമാക്കുന്നത്. ഈ സെല്‍ഫിക്ക് എന്താ പ്രത്യേകത എന്നല്ലേ. പതിറ്റാണ്ടുകളായി ചിരവൈരികളായ തെക്കന്‍ കൊറിയയുടെയും വടക്കന്‍ കൊറിയയുടെയും താരങ്ങളാണിവര്‍. രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത മറന്ന് സൗഹൃദം പങ്കുവച്ച താരങ്ങളുടെ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റിനെ കായിക ലോകം അഭിനന്ദിക്കുകയാണ്.
THE REAL SPIRIT OF OLYMPICS, GOLDEN SELFIE എന്നൊക്കെയാണ് ഈ ചിത്രത്തെ ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്നത്.
പതിനേഴുകാരിയായ ലീയുടെ ആദ്യ ഒളിംപിക്‌സാണിത്. ബീജിംഗില്‍ ജിംനാസ്റ്റിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ താരമാണ് വടക്കന്‍ കൊറിയയുടെ ഓങ്.
ഒളിംപിക്‌സിന് എത്തിയിട്ടും പിണക്കം മാറാത്ത രാജ്യങ്ങളുണ്ട്. വഴിപിരിഞ്ഞ് പോയ കോസോവ താരങ്ങളോട് മിണ്ടരുതെന്നാണ് സെര്‍ബിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശം. ഇസ്രയേലിനോടുള്ള ദേഷ്യം മായാത്ത ലെബനന്‍, താരങ്ങള്‍ക്ക് ഒരുമിച്ചുള്ള യാത്ര പറ്റില്ലെന്നും ശഠിച്ചു. ഇവരോടൊക്കെ ഈ കൊറിയന്‍ സുന്ദരികളെ കണ്ട് പഠിക്കാനാണ് സംഘാടകര്‍ പറയുന്നത്.