ബോള്‍ട്ട്-ഗാട്‌ലിന്‍ പോര്; വിശുദ്ധനും കളങ്കിതനും തമ്മിലുള്ള പോരാട്ടമോ ?

Published : Aug 12, 2016, 01:44 AM ISTUpdated : Oct 05, 2018, 04:01 AM IST
ബോള്‍ട്ട്-ഗാട്‌ലിന്‍ പോര്; വിശുദ്ധനും കളങ്കിതനും തമ്മിലുള്ള പോരാട്ടമോ ?

Synopsis

റിയോ ഡി ജനീറോ: ഒളിംപിക്സിലെ ഗ്ലാമര്‍ ഇനമായ 100 മീറ്റര്‍ പുരുഷ ഫൈനലില്‍ നാളെ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടും അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിനും നേര്‍ക്കുനേര്‍ വരുമ്പോള്‍ അത്‌ലറ്റിക്സ് കണ്ട എക്കാലത്തെയും വലിയ പോരാട്ടങ്ങളില്‍ ഒന്നു മാത്രമായിരിക്കില്ല അത്. കരിയറില്‍ ഒരിക്കല്‍പ്പോലും ഉത്തേജക മരുന്നുപയോഗത്തിന് പിടിക്കപ്പെട്ടിട്ടില്ലാത്ത ബോള്‍ട്ട് വിശുദ്ധനെന്ന പരിവേഷവുമായാണ് റിയിയോയിലെ ട്രാക്കിലേക്ക് ഇറങ്ങുന്നതെങ്കില്‍ മരുന്നടിയുടെ പാപക്കറയും പേറി കളങ്കിതനെന്ന പ്രതിച്ഛായയുമാണ് ഗാട്‌ലിന്‍ ഇറങ്ങുന്നത്.സി.ഗോപാലകൃഷ്ണന്‍ എഴുതുന്നു.

കളങ്കിതന്റെ കുപ്പായം അഴിച്ചുവെയ്ക്കാന്‍ റിയോയില്‍ ഗാട്‌ലിനാവുമോ ?


2001ലാണ് ഗാട്‌ലിന്‍ ആദ്യമായി മരുന്നടിക്ക് പിടിക്കപ്പെടുന്നത്. നിരോധിത മരുന്നായ ആംഫിറ്റാമൈന്‍സ് ഉപയോഗിച്ചതിന് അന്ന് രണ്ടുവര്‍ഷ വിലക്കായിരുന്നു ഗാട്‌ലിന് ലഭിച്ചത്. എന്നാല്‍ ബാല്യകാലംമുതല്‍ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കഴിക്കുന്ന മരുന്നാണ് വില്ലനായതെന്ന് കാണിച്ച് നല്‍കിയ അപ്പീലിനെത്തുടര്‍ന്ന് അനുകൂല വിധി നേടി പിന്നീട് ട്രാക്കിലേക്ക് തിരിച്ചുവന്നു. വിവാദ പരിശീലകന്‍ ട്രെവര്‍ ഗ്രഹാം ആയിരുന്നു അക്കാലത്ത് ഗാട്‌ലിന്റെ പരിശീലകന്‍. പരിശീലിപ്പിച്ചിട്ടുള്ള താരങ്ങളില്‍ മിക്കവരും മരുന്നടിക്ക് പിടിക്കപ്പെട്ടതിനാല്‍ ഗ്രഹാമിന്റെ പരിശീലക ലൈസന്‍സ് തന്നെ അമേരിക്ക പിന്നീട് റദ്ദാക്കിയിരുന്നു.

2004 ആഥന്‍സ് ഒളിംപിക്സിന്റെ 100 മീറ്ററര്‍ ഫൈനലിന് വെടിയൊച്ച മുഴങ്ങാനിരിക്കെ എല്ലാ ക്യാമറകളും ഫോക്കസ് ചെയ്തിരുന്നത് നാലു മുതല്‍ ഏഴുവരെയുള്ള ലെയ്നുകളിലായിരുന്നു. ഷോണ്‍ ക്രോഫോര്‍ഡ്(യുഎസ്എ), ഫ്രാന്‍സിസ് ഒബിക്യുലു(പോര്‍ച്ചുഗല്‍), അസഫാ പവല്‍(ജമൈക്ക), നിലവിലെ ചാമ്പ്യന്‍ മൗറിസ് ഗ്രീന്‍(യുഎസ്എ) എന്നിവരായിരുന്നു നാലു മുതല്‍ ഏഴു വരെയുള്ള ലെയ്നുകളില്‍ ഓടിയത്.

മൂന്നാം ലെയ്നില്‍ ഓടിയ ജസ്റ്റിന്‍ ഗാട്‌ലിനുനേരെ ക്യാമറകളുടെ ഷട്ടറുകള്‍ അറിഞ്ഞോ അറിയാതെയോ കണ്ണടച്ചു. എന്നാല്‍ 100 മീറ്റര്‍ പൂര്‍ത്തിയായപ്പോള്‍ അതേ ക്യാമറകള്‍ പൊതിഞ്ഞത് ഗാട്‌ലിനെയായിരുന്നു. 9.85 സെക്കന്‍ഡില്‍ സ്വര്‍ണമണിഞ്ഞ് ഗാട്‌ലിന്‍ സൂപ്പര്‍താരപദവിയിലേക്കുയര്‍ത്തപ്പെട്ടു. അന്ന് 23കാരനായ ബോള്‍ട്ട് ആകട്ടെ ഹീറ്റ്സില്‍ തന്നെ പുറത്തായി. പേശിവലിവിനെത്തുടര്‍ന്ന് ബോള്‍ട്ടിന് ട്രാക്ക് വിടേണ്ടിയുംവന്നു.

എന്നാല്‍ ആഥന്‍സിലൂടെ സൂപ്പര്‍താരപദവിയിലേക്കുയര്‍ന്ന ഗാട്‌ലിനെ 2006ല്‍ വീണ്ടും മരുന്നടിക്ക് പിടിച്ചു. അമിതമായ അളവില്‍ ടെസ്റ്റോസ്റ്റിറോണ്‍ ശരീരത്തില്‍ കണ്ടെത്തിയെന്നതിന്റെ പേരിലായിരുന്നു ഇത്. നിരപരാധിയാണെന്ന് വാദിച്ചെങ്കിലും എട്ടുവര്‍ഷത്തെ വിലക്കായിരുന്നു ഗാട്‌ലിനെ കാത്തിരുന്നത്. കരിയര്‍തന്നെ അവസാനിക്കുമായിരുന്ന ആ വിലക്കില്‍ നിന്നും ഗാട്‌ലിന്‍ വലിയ പരിക്കുകളില്ലാതെ തിരിച്ചെത്തി. ഗാട്‌ലിന്‍ നല്‍കിയ അപ്പീലില്‍ അന്വേഷണവുമായി സഹകരിച്ചുവെന്നത് കൂടി കണക്കിലെടുത്താണ് വിലക്ക് നാലുവര്‍ഷമായി കുറച്ചത്. പക്ഷെ 100 മീറ്ററിലെ 9.77 സെക്കന്‍ഡിന്റെ ലോക റെക്കോര്‍ഡ് ഗാട്‌ലിന്റെ പേരില്‍ നിന്ന് എടുത്തുമാറ്റി. ഇതിനകം ഇതിഹാസമാകാനുള്ള ഓട്ടം തുടങ്ങിയ ബോള്‍ട്ട് 2008ലെ ബീജിംഗ് ഒളിംപിക്സില്‍ മിന്നല്‍പ്പിണരായി സ്വര്‍ണമണിയുന്നത് ഗാട്‌ലിന് ടെലിവിഷനിലൂടെ കണ്ടുനില്‍ക്കേണ്ടിവന്നു.

2010ല്‍ ഗാട്‌ലിന്‍ വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തി. അപ്പോഴേക്കും, ഗ്ലെന്‍ മില്‍സെന്ന പരിശീലകനുകീഴില്‍ ബോള്‍ട്ട് അതിമാനുഷനായി വളര്‍ന്നിരുന്നു.

ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായി മാറിയ ബോള്‍ട്ടിന് മുന്നില്‍ ഗാട്‌ലിന്‍ പലപ്പോഴും രണ്ടാമൂഴക്കാരനായി. കഴിഞ്ഞ ഒരുദശകത്തിനിടെ 2013ല്‍ റോമില്‍ നടന്ന ഗോള്‍ഡന്‍ ഗാല മീറ്റില്‍ മാത്രമാണ് ഗാട്‌ലിന് ബോള്‍ട്ടിനെ മറികടക്കാനായത്. കഴിഞ്ഞവര്‍ഷം ഗാട്‌ലിന് സമാമനായി രീതിയില്‍ ടൈസണ്‍ ഗേയും മരുന്നടിക്ക് പിടിക്കപ്പെടുകയും അപ്പീലിനെത്തുടര്‍ന്ന് വിലക്ക് കുറയ്ക്കുകയും ചെയ്തപ്പോള്‍ ബോള്‍ട്ട് പ്രതികരിച്ചത് മരുന്നടിക്കാര്‍ക്ക് ഇത്തരത്തില്‍ ശിക്ഷായിളവ് നല്‍കുന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്നായിരുന്നു. അത് പറയാന്‍ എന്തുകൊണ്ടും യോഗ്യനുമായിരുന്നു ബോള്‍ട്ട്.

വയസന്‍മാരുടെ പോരോ ?

അതിവേഗത്തിന്റെ പോരാട്ടമാണ് 100 മീറ്റര്‍ മത്സരങ്ങള്‍. സ്വാഭാവികമായും യുവത്വത്തിനായിരിക്കും അവിടെ കൂടുതല്‍ മുന്‍തൂക്കം. എന്നാല്‍ നാളെ പോരാട്ടിത്തിനിറങ്ങുന്ന ജസ്റ്റിന്‍ ഗാട്‌ലിന് പ്രായം 34 കഴിഞ്ഞു. ബോള്‍ട്ടിനാകട്ടെ ഈ മാസം 21ന് 30 തികയും. എന്നാല്‍ പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് ഇരുവരും ഓടിത്തുടങ്ങുമ്പോള്‍ ആരാധകര്‍ തിരിച്ചറിയും. 1896ലെ ആദ്യ ഒളിംപിക്സ് മുതല്‍ 100 മീറ്റര്‍ ഫൈനല്‍ ജയിച്ചവരുടെ ശരാശരി പ്രായം 23 വയസാണ്. ഇത്തവണ ബോള്‍ട്ട് ജയിച്ചാലും ഗാട്‌ലിന്‍ ജയിച്ചാലും അത് ചരിത്രമാണ്. 1992ല്‍ ബ്രിട്ടന്റെ ലിന്‍ഫോര്‍ഡ് ക്രിസ്റ്റിക്കുശേഷം ഒളിംപിക് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ 100 മീറ്റര്‍ ചാമ്പ്യനെന്ന റെക്കോര്‍ഡാവും മെഡല്‍ നേടിയാല്‍ ഇരുവര്‍ക്കും സ്വന്തമാവുക.

ട്രാക്കില്‍ മാത്രമല്ല പോര്

ട്രാക്കില്‍ മാത്രമല്ല ട്രാക്കിന് പുറത്തും ശരിക്കും പോരടിക്കുന്നവരാണ് ബോള്‍ട്ടും ഗാട്‌ലിനും, പ്രത്യേകിച്ചും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്പരം കളിയാക്കാന്‍ കിട്ടുന്ന ഒരവസരവും ഇരുവരും പാഴാക്കാറുമില്ല. 34കാരനായ ഗാട്‌ലിന്റെ നരച്ചുതുടങ്ങിയ മുടിയെ നോക്കി വയസനെന്ന് വിളിച്ചാണ് ബോള്‍ട്ട് ഒരുതവണ കളിയാക്കിയതെങ്കില്‍ ജമൈക്കന്‍ മധ്യവയസ്‌കന്‍ എന്നായിരുന്നു ബോള്‍ട്ടിനെ ഗാട്‌ലിന്‍ വിളിച്ചത്. മാത്രമല്ല വലിയ മത്സരങ്ങളിലെല്ലാം ബോള്‍ട്ടിനെ പിന്നിലാക്കുമെന്ന് പരസ്യമായി പലതവണ വെല്ലുവിളിക്കാനും ഗാട്‌ലിന്‍ തയാറായിട്ടുണ്ട്. റിയോയില്‍ എത്തുന്നതിന് മുമ്പും വാക് പോരിന് കുറവൊന്നുമുണ്ടായില്ല. എന്നാല്‍ തന്നെ വെല്ലുവിളിക്കുംതോറും ജയിക്കാനുള്ള വാശിയും കൂടുമെന്നായിരുന്നു ഗാട്‌ലിന്റെ കളിയാക്കലുകളോട് ബോള്‍ട്ടിന്റെ പ്രതികരണം.

ഇങ്ങനെയൊക്കെയാണെങ്കിലും ഇരുവരും കണ്ടാല്‍ കടിച്ചുകീറുന്നവരൊന്നുമല്ല. ഒരുമിച്ച് പാര്‍ട്ടിക്കുപോലും പോവാറുമുണ്ട്. ബോള്‍ട്ടിന്റെ അമ്മ ജെന്നിഫറും ഗാട്‌ലിന്റെ അന്ന ജെന്നറ്റും 2015ലെ ബീജിംഗ് ലോക ചാമ്പ്യന്‍ഷിപ്പിനുശേഷം അടുത്ത സുഹൃത്തുക്കളുമാണ്.

ഇത്തവണ ബോള്‍ട്ടിളക്കുമോ ഗാട്‌ലിന്‍ ?

2012 ലെ ലണ്ടല്‍ ഒളിംപിക്സ് ഒളിംപിക് ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വേഗമാര്‍ന്ന 100 മീറ്റര്‍ ഫൈനലിനായിരുന്നു സാക്ഷ്യംവഹിച്ചത്. വിലക്കിനുശേഷം ഗാട്‌ലിന്‍ ഒളിംപിക്സ് ട്രാക്കില്‍ തിരിച്ചെത്തിയ ഒളിംപിക്സ് കൂടിയായിരുന്നു അത്. 9.63 സെക്കന്‍ഡില്‍ ഓടിയെത്തിയ ബോള്‍ട്ട് സ്വര്‍ണവുമായി മടങ്ങിയപ്പോള്‍ യൊഹാന്‍ ബ്ലേക്കിനു(9.75) പിന്നില്‍ വെള്ളിക്കൊണ്ട് ഗാട്‌ലിന്(9.79) തൃപ്തിപ്പെടേണ്ടിവന്നു.

2014, 2015 വര്‍ഷങ്ങളില്‍ 100 മീറ്ററില്‍ കുറിക്കപ്പെട്ട ഏറ്റവും മികച്ച ഏഴ് സമയങ്ങളില്‍ ആറും ഗാട്‌ലിന്റെ പേരിലായിരുന്നു. എന്നിട്ടും കഴിഞ്ഞവര്‍ഷം ബീജിംഗില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഗാട്‌ലിന് 0.01 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ ബോള്‍ട്ടിന് പിന്നിലാവേണ്ടിവന്നു.

വലിയ വേദികളില്‍ മികവിന്റെ പാരമ്യത്തിലേക്കുയരാനുള്ള ബോള്‍ട്ടിന്റെ കഴിവിന് മുന്നിലാണ് ഗാ‌ട്‌ലിന്‍ അന്ന് പിന്നിലായത്. ഒളിംപിക്സിന് തൊട്ടുമുമ്പ് പരിക്കേറ്റ ബോള്‍ട്ട് റിയോയിലെത്തുമോ എന്നുപോലും ആശങ്കപ്പെട്ട ആരാധകര്‍ക്ക് അതുകൊണ്ടുത്തന്നെ റിയോയിലും ബോള്‍ട്ട് തന്നെയാണ് ഫേവറിറ്റ്. 100 മീറ്റര്‍ ഹീറ്റ്സില്‍ 10.01 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഗാട്‌ലിനാണ് ബോള്‍ട്ടിനേക്കാള്‍(10.07) മികച്ച സമയം കുറിച്ചത്. എങ്കിലും ഫൈനലിലെത്തുമ്പോള്‍ ബോള്‍ട്ട് വെടിച്ചില്ലാവുമെന്നുതന്നെ ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.

ബോള്‍ട്ടിന്റെയും ഗാട്‌ലിന്റെയും അവസാന ഒളിംപിക്സ് കൂടിയാണിത്. ഒളിംപിക്സ് വേദിയില്‍ ലോകം കണ്ട ഏറ്റവും വേഗക്കാരനായ ബോള്‍ട്ടിനുമേല്‍ ഒരു വിജയം തന്റെമേലുള്ള പാപക്കറകള്‍ മുഴുവന്‍ കഴുകിക്കളയുമെന്ന് ഗാട്‌ലിനറിയാം. ആ തിരിച്ചറിവ് അത്‌ലറ്റിക്സില്‍ വിശുദ്ധ പരിവേഷമുള്ള ബോള്‍ട്ടിനുമുണ്ട്. അതുകൊണ്ടുതന്നെ നാളെ നടക്കുന്നത് വെറുമൊരു പോരാട്ടമാവില്ലെന്ന് ആരാധകര്‍ വിശ്വസിക്കുന്നു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍