
റിയോ ഡി ജനീറോ: റിയോയിൽ ലോകം കാത്തിരിക്കുന്ന വേഗപ്പോരാട്ടം നാളെ. ലോകത്തിലെ അതിവേഗ മനുഷ്യനെന്ന പെരുമയും ആദ്യ സ്വർണ്ണവും ലക്ഷ്യമിട്ട് സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് നാളെ ട്രാക്കിലിറങ്ങും. രാവിലെ 6.55നാണ് 100 മീറ്ററിലെ ഫൈനൽ. ബീജിംഗിലും ലണ്ടനിലും സ്വർണ്ണം നേടിയ ബോൾട്ട് കരിയറിലെ ഏറ്റവും വലിയ സമ്മർദ്ധത്തിലാണ് ഇത്തവണ മത്സരിക്കുന്നത്.
റിയോ ഒളിംപിക്സിലെ ഏറ്റവും ആകർഷകമായ ഇനമാണ് 100 മീറ്റര്‍ ഫൈനല്‍. ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനെ കണ്ടെത്താനുള്ള പോരാട്ടം. അത് ബോൾട്ട് അല്ലാതെ മറ്റാരെന്ന് ചോദിക്കാൻ വരട്ടെ. സീസണിൽ ഏറ്റവും മികച്ച പ്രകടനത്തിനുടമയായ അമേരിക്കയുടെ ജസ്റ്റിൻ ഗാട്ട്‍ലിൻ ബോൾട്ടിന്റെ ബോൾട്ടിളക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ലണ്ടനിൽ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ജമൈക്കയുടെ, യൊഹാൻ ബ്ലേക്കിനും ഇത്തവണ സ്വർണ്ണത്തിൽ കുറഞ്ഞ ലക്ഷ്യമില്ല.
ജമൈക്കൻ സ്പ്രിന്റ് ഇതിഹാസമായ ബോൾട്ട് നാലാം സ്ഥാനക്കാരനായാണ് സെമിയിൽ കടന്നത്. ഒന്നാമൻ ഗാട്ട്‍ലിനും. ബോൾട്ട് അതിമാനുഷരുടെ പട്ടികയിലേക്ക് ഉയർന്ന ബീജിംഗിലും ലണ്ടനിലുമെല്ലാം ഹീറ്റ്സിലെ ആദ്യ സ്ഥാനക്കാർ മറ്റ് പലരും ആയിരുന്നു. എന്നാൽ ഫൈനൽ എത്തിയപ്പോൾ കഥ മാറി. ബോൾട്ട് ലോകത്തിന്റെ നെറുകയിലേക്കെത്തി.
ഇത്തവണയും അതാവർത്തിക്കുമെന്നാണ് ആരാധകരുടെ ഉറച്ച വിശ്വാസം. രാവിലെ 5.37നാണ് ആദ്യ സെമി. ഫൈനൽ 6.55നും. ബോൾട്ടോ ഗാട്ട്‍ലിനോ? റിയോയിൽ അത്ഭുതങ്ങളോ അട്ടിമറികളോ സംഭവിക്കുമോ? മുമ്പെങ്ങുമില്ലാത്ത വിധം സമ്മർദ്ദം ബോൾട്ട് നേരിടുമ്പോൾ നെഞ്ചിടിപ്പോടെയാണ് കായികലോകം ഇനിയുള്ള മണിക്കൂറുകൾ തള്ളിനീക്കുന്നത്.