ഓണവിപണി: നേട്ടമുണ്ടാക്കാന്‍ കണ്‍സ്യൂമ‌ര്‍ഫെഡ്

By Web DeskFirst Published Aug 28, 2016, 9:04 AM IST
Highlights

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഓണവിപണിയില്‍ നേട്ടമുണ്ടാക്കാന്‍ കണ്‍സ്യൂമ‌ര്‍ഫെഡ്. സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ നിത്യോപയോഗ സാധനങ്ങളും വില കുറച്ച് വില്‍പ്പന നടത്തി ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ശ്രമം.

പ്രാഥമിക സഹകരണ സംഘങ്ങളും തൃശൂര്‍ ജില്ലാ സഹകരണബാങ്കും നല്‍കിയ 70കോടിയോളം രൂപാ വായ്പാ ചെലവഴിച്ചാണ് ഓണവിപണിയില്‍ ഇടപെടാന്‍ കണ്‍സ്യൂമര്‍ഫെഡ് തയ്യാറെടുക്കുന്നത്. പ്രാഥമികസഹകരണ സംഘങ്ങളുടെ സഹകരണത്തോടെ 2500 ഓണച്ചന്തകള്‍ . അത്തം നാളില്‍ തുടങ്ങി ഉത്രാടത്തിന് വൈകുന്നേരം വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക.

അരിയും പ‌‍ഞ്ചസാരയും ഉള്‍പ്പെടെയുള്ള 13 ഇനങ്ങള്‍ സബ്സിഡി നിരക്കിലും മറ്റ് 27 ഇനം സാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ പരമാവധി വിലകുറച്ചും നല്‍കും. കാര്‍ഡ് ഒന്നിന് 5 കിലോ അരി,ഒരു കിലോ പഞ്ചസാര, രണ്ടു കിലോ പച്ചരി, 500 ഗ്രാം ചെറുപയര്‍, വന്‍പയര്‍, പരിപ്പ്, കടല, ഉഴുന്ന്, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവയാണ്  സബ്സിഡി നിരക്കില്‍ ലഭിക്കുക. 40 ഇനങ്ങള്‍ അടങ്ങുന്ന ഒരു ബാസ്ക്കറ്റാണ് ഓണച്ചന്തകള്‍ വഴി എത്തിക്കുക.


ഓണച്ചന്തകള്‍ വഴിയുളള സബ്സിഡി നഷ്‌ടം മുപ്പതു കോടിയില്‍ നിന്ന് 14 കോടിയായി ചുരുക്കാനാകുമെന്നാണ് കണ്‍സ്യൂമര്‍ഫെഡിന്റെ പ്രതീക്ഷ. ഓണം കണ്‍സ്യൂമര്‍ഫെഡിനോടൊപ്പമെന്ന മുദ്രാവാക്യം പ്രചരിപ്പിച്ച് വിപണി പിടിക്കാനാണ് അധികൃതരുടെ നീക്കം.

 

click me!