
ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് ആറന്മുളയിലെ തിരുവോണത്തോണിയുടേത്. കിഴക്കേ കാട്ടൂര്‍ ഗ്രാമത്തിലെ മാങ്ങാട്ടു മഠം ഭട്ടതിരി തിരുവോണനാളില്‍ ഒരു ബ്രാഹ്മണനു കാല്‍കഴുകിച്ചൂട്ട് നടത്തിവന്ന പതിവുണ്ടായിരുന്നു. വര്‍ഷങ്ങളായി നടത്തിയിരുന്ന ഈ ആചാരം ഒരു തവണ മുടങ്ങി. ഊണു കഴിക്കാന്‍ ആരും എത്തിയില്ല. വ്രതം മുടങ്ങുന്നതില്‍ ദുഃഖിതനായ ഭട്ടതിരി ആറന്മുള ഭഗവാനെ പ്രാര്‍ഥിച്ച് ഓണനാളില്‍ ഉപവസിക്കാന്‍ തീരുമാനിച്ചു.
ഈ തീരുമാനത്തിനു ശേഷം തേജസ്വിയായ ഒരു ബാലന്‍ ഭട്ടതിരിയുടെ ആതിഥ്യം സ്വീകരിക്കാനെത്തി. അങ്ങനെ അത്തവണയും കാല്‍കഴുകിച്ചൂട്ട് മുടങ്ങിയില്ല. ചടങ്ങിനുശേഷം ബാലന്‍ മടങ്ങുംമുന്‍പ് ഭട്ടതിരിയോട് ഒരു ആവശ്യംവച്ചു. ഇനിയുള്ള കാലം ഓണവിഭവങ്ങള്‍ തയാറാക്കി ആറന്മുളയില്‍ എത്തിക്കണം. ഭട്ടതിരി സമ്മതംമൂളി.
അന്നു രാതി ഭട്ടതിരി ഒരു സ്വപ്നം കണ്ടു. പകല്‍ തന്നെ കാണാനെത്തിയതു ഭഗവാനാണെന്നു സ്വപ്ന ദര്‍ശനമുണ്ടായി. പിറ്റേ വര്‍ഷം മുതല്‍ മാങ്ങാട്ടു ഭട്ടതിരി ഓണ വിഭഗങ്ങള്‍ തോണിയില്‍ നിറച്ച് ആറന്മുള ക്ഷേത്രത്തിലേക്കു തിരിച്ചു. ഉത്രാടം നാളില്‍ പുറപ്പെട്ട് തിരുവോണത്തിന് ആറന്മുള ക്ഷേത്രത്തിലെത്തുംവിധമായിരുന്നു യാത്ര. അന്നു തുടങ്ങിയ ആചാരം ഇന്നും തനിമവിടാതെ തുടരുകയാണ്.
ഒരിക്കല്‍ തിരുവോണത്തോണിയെ കള്ളന്മാര്‍ ആക്രമിച്ചെന്നു ചരിത്രമുണ്ട്. അന്നു മുതല്‍ തോണിയുടെ സംരക്ഷണത്തിനു വലിയ വള്ളത്തില്‍ സുരക്ഷയ്ക്ക് ആളെ നിയോഗിച്ചു. ഈ ആചാരവും ഇന്നും തുടരുന്നു. ഇക്കൊല്ലവും ഉത്രാടം നാളില്‍ വൈകിട്ട് തിരുവോണത്തോണി മങ്ങാട്ട് ഭട്ടതിരിയുമായി കാട്ടൂരില്‍നിന്നു പുറപ്പെടും. വഞ്ചിപ്പാട്ടും വായ്ക്കുരവയും താളമേളങ്ങളുമായി പമ്പയുടെ ഓളപ്പരപ്പിലൂടെ തോണി നീങ്ങും. കാട്ടൂരിലെ 18 നായര്‍ കുടുംബങ്ങളിലെ പ്രതിനിധികളും ഭട്ടതിരിക്കൊപ്പമുണ്ടാകും. ആറന്മുള ദേശവഴിയിലെ പള്ളിയോടങ്ങള്‍ അകമ്പടിയാകും.
തിരുവോണനാളില്‍ പുലര്‍ച്ചെ തിരുവോണത്തോണി ആറന്മുള ക്ഷേത്രക്കടവിലെത്തും. തിരുവോണത്തോണിയെ വണങ്ങാനും സ്വീകരിക്കാനും ആയിരങ്ങളാണ് ഉത്രാടരാത്രിയില്‍ പമ്പാതീരത്ത് ഉറങ്ങമൊഴിഞ്ഞു കാത്തിരിക്കുന്നത്. തോണി മധുക്കടവിലെത്തിയശേഷം ആചാരപ്രകാരമുള്ള സ്വീകരമം. തുടര്‍ന്നു ഭഗവാന്‍ പള്ളിയുണരുന്നതോടെ സദ്യവട്ടങ്ങള്‍ക്ക് ഒരുക്കമാകും. തിരുവോണത്തോണിയില്‍ കൊണ്ടുവരുന്ന വിഭവങ്ങള്‍ ഉപയോഗിച്ചാണ് ആറന്മുളയപ്പന് സദ്യയൊരുക്കുന്നത്. അത്താഴപൂജ കഴിഞ്ഞു പൂജാരിയില്‍നിന്നു പണക്കിഴിയും വാങ്ങിയാണു ഭട്ടതിരിയുടെ മടക്കം. ഈ ചടങ്ങും പൂര്‍ത്തിയാകുന്നതോടെയാണു തിരുവോണത്തോണിയുടെ യാത്ര സമാപിക്കുന്നത്.