പൊന്നോണത്തിന്‍റ പുണ്യമായി തൃക്കാക്കര

By Asianet NewsFirst Published Aug 19, 2016, 10:20 AM IST
Highlights

തിരുവോണത്തിന്റെ പുണ്യമാണു തൃക്കാക്കര. മലയാളിയുടെ ഓണ സങ്കല്‍പ്പത്തിന്റെ ആത്മാവ് കുടികൊള്ളുന്ന മണ്ണ്. വാമന പാദം പതിഞ്ഞ 'തൃക്കാല്‍ക്കര'യെന്ന തൃക്കാക്കരയില്‍ പൊന്നോണപ്പൂവിളി ഉയര്‍ന്നുകഴിഞ്ഞു. ഇനി ഓണം കഴിയുംവരെ തൃക്കാക്കരയുടെ പകലിരവുകളില്‍ ആഘോഷത്തിന്റെ പൂക്കളങ്ങള്‍ നിറയും.

മഹാബലിയും വാമനനും ഒരേപോലെ ആരാധിക്കപ്പെടുന്ന അത്യപൂര്‍വതയിലൂടെയാണു തൃക്കാക്കരയുടെ ഓണാഘോഷ ചരിത്രം കടന്നുപോകുന്നത്. തൃക്കാക്കക്കര ക്ഷേത്രത്തോടു ചേര്‍ന്നാണ് മലയാളിയുടെ ഓണാഘോഷത്തിന്റെ പിറവി. മഹാബലി ആരാധന നടത്തിയിരുന്ന ക്ഷേത്രമാണു തൃക്കാക്കര ശിവക്ഷേത്രമെന്നാണ് ഐതിഹ്യം. വാമനാവതാര പൂര്‍ത്തീകരണത്തിനു ശേഷം പരശുരാമന്‍ വാമനനെ തൃക്കാക്കരയിലെ പ്രതിഷ്ഠയാക്കി. കപിലമഹര്‍ഷിയാണു വാമന പ്രതിഷ്ഠ നടത്തിയതെന്നും പുരാണമുണ്ട്. വാമനമൂര്‍ത്തിക്കൊപ്പം സ്വയംഭൂവെന്നു വിശ്വസിക്കുന്ന മഹാദേവ പ്രതിഷ്ഠയുമുണ്ട് ഇവിടെ. വാമനമൂര്‍ത്തിക്കു തൃക്കാക്കരയപ്പനെന്നും മഹാദേവനെ മാതേവരെന്നും വിശ്വാസികള്‍ വിളിക്കാന്‍ തുടങ്ങി.

കര്‍ക്കടകത്തിലെ തിരുവോണം മുതല്‍ ചിങ്ങത്തിലെ തിരുവോണം വരെയായിരുന്നു ആദ്യകാലത്തു തൃക്കാക്കര ക്ഷേത്രത്തിലെ ഓണോത്സവം. അറുപത്തിനാലു നാടുവാഴികള്‍ ചേര്‍ന്നു നാടിന്റെ ആഘോഷമായി ക്ഷേത്രത്തില്‍ ഉത്സവം നടത്തിയിരുന്ന കാലം. കോഴിക്കോട് സാമൂതിരി ഇവിടുത്തെ ഉത്സവം കാണാന്‍ നേരിട്ടെത്തുമായിരുന്നു. എഡി 1756 വരെ കോഴിക്കോട് സാമൂതിരിയായിരുന്നു അത്തച്ചമയം നടത്തിയിരുന്നതെന്നും ചരിത്രം.
30 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവാഘോഷങ്ങള്‍ക്കു സമാപനംകുറിച്ച് അവസാനത്തെ പത്തു നാളില്‍, അതായത് ചിങ്ങത്തിലെ അത്തം മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങളില്‍ ഓണപ്പൂരമായിരുന്നു തൃക്കാക്കരയില്‍.

പിന്നീട് പെരുമാക്കന്മാരുടെ തകര്‍ച്ചയോടെ തൃക്കാക്കര ക്ഷേത്രത്തിന്റെ പ്രതാപം നശിക്കാന്‍ തുടങ്ങി. 15ാം നൂറ്റാണ്ടില്‍ ക്ഷേത്രം നശിക്കുന്ന സ്ഥിതിപോലുമുണ്ടായി. 1910ല്‍ ശ്രീമൂലം തിരുന്നാള്‍ ക്ഷേത്രം പുനര്‍നിര്‍മിച്ചു. 1948ല്‍ പുനഃപ്രതിഷ്ഠ നടത്തിയ ക്ഷേത്രം പിന്നീട് പ്രതാപകാലത്തെ പ്രശസ്തിയിലേക്കു തിരിച്ചെത്തുകയായിരുന്നു. 1948 വരെ കൊച്ചി രാജാവായിരുന്നു അത്തച്ചമയം നടത്തിയിരുന്നത്. ഇന്ന് അതു തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നു.

ഉത്സവാഘോഷങ്ങളുടെ അവസാന പത്തു നാളില്‍ മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളില്‍ ചന്ദനം ചാര്‍ത്തലാണു ക്ഷേത്രത്തിലെ മുഖ്യ ചടങ്ങ്. തിരുവോണ നാളില്‍ ത്രിവിക്രമ ദര്‍ശനം. വിഷ്ണുവിന്റെ ജന്മനാളില്‍ പൂര്‍ണരൂപ ദര്‍ശനം എന്ന നിലയ്ക്കാണ് ഇവിടുത്തെ ത്രിവിക്രമ ദര്‍ശനം. വിവിധ നാട്ടുരാജ്യങ്ങളില്‍നിന്ന് ആളുകള്‍ ത്രിവിക്രമ ദര്‍ശനത്തിനെത്തുമായിരുന്നു. എന്നാല്‍ പിന്നീട് അതിനു കഴിയാതെവന്നതോടെ തൃക്കാക്കരയപ്പനെവച്ച് ഓണം സ്വന്തം വീടുകളില്‍ ആഘോഷിക്കാന്‍ തുടങ്ങി.

 

click me!