ഇന്ന് അത്തം; കരുതലോടെ വരവേൽക്കാം 'നല്ലോണം'..

By Web TeamFirst Published Aug 22, 2020, 11:20 AM IST
Highlights

ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് അത്തപ്പൂവ്

ഓണാഘോഷങ്ങൾ തുടക്കം കുറിച്ച് ഇന്ന് അത്തം. കൊവിഡ് പശ്ചാത്തലത്തിൽ ജാഗ്രതയോടെ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് മലയാളി. ദുരിതങ്ങളെയും വേദനകളെയും അതിജീവിക്കാനുള്ള കരുത്തിലാണ് ഇക്കുറി ഓണം. ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് അത്തപ്പൂവ്. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്.  തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് ഐതിഹ്യം. നിയന്ത്രണങ്ങളോടെയാണെങ്കിലും ഇക്കുറിയും കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ഓണ വിപണികൾ സജീവമായി തുടങ്ങിയിരിക്കുന്നു. ഓണത്തിന്റെ ഐതീഹ്യപ്പെരുമയുള്ള തൃക്കാക്കരയിൽ ഇക്കുറി ഓണാഘോഷം നാമമാത്രമായാണ് നടക്കുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായി ആളുകൾ കൂട്ടംകൂടുന്ന രീതി ഒഴിവാക്കണം. പൊതുപരിപാടികളോ ഓണാഘോഷങ്ങളോ അരുത്. കടകൾ രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ മാത്രം. കൂടുതൽ പേർ ഒത്തുകൂടുന്ന ഓണക്കളികളും ഒഴിവാക്കണം. പൊതുസ്ഥലങ്ങളിൽ ഓണാഘോഷവും ഓണസദ്യയും പാടില്ല. ഓണത്തിനായി മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമായും നടത്തും. സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ, ആൾക്കൂട്ടം ഒഴിവാക്കൽ എന്നിവയ്‌ക്കു വളരെ പ്രധാന്യം നൽകണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കൊവിഡിന്റെ ഇടയിൽ നിന്നുകൊണ്ടുള്ള ഈ ഓണ ദിനങ്ങളെ കരുതലോടെ നമ്മുക്ക് വരവേൽക്കാം. 
 

click me!