അത്തപ്പൂക്കളമിട്ട് ഓണത്തെ വരവേൽക്കാം; ഐതീഹ്യം ഇങ്ങനെ..

By Web TeamFirst Published Aug 10, 2020, 12:25 PM IST
Highlights

ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു. 

അത്തപ്പൂക്കളങ്ങളൊരുക്കുന്നതിന്റെ ഐതീഹ്യം ഇന്നത്തെ പുതിയ തലമുറയ്ക്ക് അന്യമാണ്.  ഓണഘോഷങ്ങളുടെ ഭാഗമായി സ്കൂളിലും കോളജുകളിലും നടത്തുന്ന  മത്സരങ്ങളിൽ ഇടാറുള്ള അത്തപ്പൂക്കളങ്ങളെയാണ് ഇന്നത്തെ തലമുറ കണ്ടുശീലിച്ചത്. എന്നാൽ ശരിക്കും അത്തപ്പൂക്കളത്തിന് ഒരു ഐതീഹ്യം ഉണ്ട്. ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് അത്തപ്പൂവ്. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് ഐതിഹ്യം.

അത്തപ്പൂവിടുന്നതിൽ പ്രാദേശികമായ രീതിവ്യത്യാസങ്ങൾ കാണുന്നുണ്ട്. ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ്‌ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളീൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

എന്നാൽ ചിലയിടങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങി 10-ആം ദിവസം പത്തു നിറങ്ങളിലുള്ള പൂക്കൾകൊണ്ട് പൂക്കളം ഒരുക്കുന്നു. ചാണകം മെഴുകിയ വെറും നിലം കൂടാതെ, മണ്ണുകൊണ്ട് നിർമിച്ച ചാണകം മെഴുകിയ ചെറുമണ്ഡപവും പൂവിടുന്നതിന് ഉപയോഗിക്കുന്നുണ്ട്. തിരുവോണ ദിവസം രാവിലെ പൂക്കളത്തിൽ പലകയിട്ട് അരിമാവു പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവു പൂശുന്നു. മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ നിർമിച്ച് ഇലയിൽ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശർക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. തിരുവോണദിവസം വൈകുന്നേരം തേങ്ങാപ്പീരയും ശർക്കരയും തിരുമ്മി വീടിന്റെ നാലു ദിക്കിലും വയ്ക്കുന്നു. ഇത് ഉറുമ്പിനോണം കൊടുക്കുക എന്ന സങ്കൽപ്പമാണ്. 

click me!