സദ്യയില്ലാതെ മലയാളികളികൾക്ക് എന്ത് ഓണം...

By Web TeamFirst Published Aug 10, 2020, 12:24 PM IST
Highlights

പരിപ്പ് മുതല്‍ പപ്പടം വരെ , ഉപ്പേരിയും ഉപ്പിലിട്ടതും തുടങ്ങി പായസം വരെയുള്ള വിഭവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഓണ സദ്യയെ പറ്റി പറയുമ്പോൾ തന്നെ വായില്‍ കപ്പലോടും

"ഓണത്തപ്പാ കുടവയറാ  തിരുവേണക്കറിയെന്തെല്ലാം? കുട്ടിക്കാലത്ത് കൂട്ടുകാരുമൊത്ത് ഓണനാളില്‍ പാടിയ ഈ പാട്ടും ഓണ സദ്യയും എന്നും മലയാളിയുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രിയപ്പെട്ട ഓര്‍മ്മകളാണ്. അത്തം തുടങ്ങുമ്പോള്‍ തന്നെ തുടങ്ങുന്ന ഒരുക്കങ്ങളുടെ കലാശക്കൊട്ടാണ് തിരുവോണനാളിലെ ഓണസദ്യ. വീട്ടുക്കാരും, കൂട്ടുക്കാരും ബന്ധുക്കളുമെല്ലാം എല്ലാം ചേർന്ന്  ഒന്നിച്ചിരുന്ന് കഴിക്കുന്ന ഓണസദ്യ വേറിട്ട അനുഭവമാണ് എന്നും സമ്മാനിക്കുന്നത്. 

പരിപ്പ് മുതല്‍ പപ്പടം വരെ , ഉപ്പേരിയും ഉപ്പിലിട്ടതും തുടങ്ങി പായസം വരെയുള്ള വിഭവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഓണ സദ്യയെ പറ്റി പറയുമ്പോൾ തന്നെ വായില്‍ കപ്പലോടും. ഓണത്തിന്റെ പ്രധാന ആകര്‍ഷണം തന്നെ ഓണസദ്യയാണ്. ഉണ്ടറിയണം ഓണം എന്നാണ് ചൊല്ല് തന്നെ. വിശാലവും വിഭവ സമൃദ്ധവുമായ ഓണ സദ്യ വിത്യസ്ഥമായ രീതിയിലാണ് തയ്യാറാക്കുന്നത്. എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്ന സദ്യയില്‍ അവിയലും സാമ്പാര്‍, പരിപ്പ്, എരിശ്ശേരിയും നാലുകൂട്ടം ഉപ്പിലിട്ടതും, പപ്പടം, പായസം തുടങ്ങിയവയാണ്  പ്രധാനപ്പെട്ട വിഭവങ്ങള്‍.

ഓണ സദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനുമെല്ലാം അതിന്‍റേതായ ചിട്ടവട്ടങ്ങളുണ്ട്. തൊട്ടുകൂട്ടാനുളളതും, ചാറ് കറിയും, കൂട്ടുകറിയും സദ്യയില്‍ വേണം.  ഓണസദ്യയുടെ കാര്യത്തില്‍  തെക്കന്‍ കേരളത്തിലും, മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ചില വ്യത്യാസങ്ങൾ ഉണ്ട്. തെക്കായാലും വടക്കായാലും ഓണസദ്യയ്ക്ക് കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ് പ്രധാന വിഭവങ്ങള്‍. ഈ മൂന്ന് വിഭവങ്ങൾ മലയാളികളുടെ ഇലയിൽ പ്രധാനമാണ്. സദ്യയിൽ അവിയലിനും സാമ്പാറിനും രണ്ടാം സ്ഥാനമാണുള്ളത്. 
കായനുറുക്ക്, ശര്‍ക്കരവരട്ടി, കൊണ്ടാട്ടം, ചേന നുറുക്ക് ഇതാണ് ഇലയുടെ ഇടത് വശത്തായ് ആദ്യം വിളമ്പേണ്ടത്. നാല് തരത്തിലുള്ള ഉപ്പിലിട്ടതാണ് പൊതുവെ പറയുന്നത്. മാങ്ങ, നാരങ്ങ, ഇഞ്ചിത്തൈര്, ഇഞ്ചിപ്പുളി (പുളിയിഞ്ചി) ഇവ വലതുവശത്ത് നിന്ന് വിളമ്പിത്തുടങ്ങും. കാളന്‍, ഓലന്‍, അവിയല്‍, തോരന്‍, എരിശ്ശേരി, മെഴുക്കുപുരട്ടി ഇതൊക്കെയാണ് മറ്റുകറികള്‍. മോരും, രസവും, സാമ്പാറും ചോറില്‍ ഒഴിച്ച് കഴിക്കും. കുത്തരിച്ചോറാണ് സദ്യയ്ക്ക് വിളമ്പാറ്. ആദ്യം പരിപ്പും നെയ്യും ചേര്‍ത്തും പിന്നെ പുളിശേരി, സാമ്പാര്‍ എന്നിങ്ങനെ ക്രമത്തിലൊഴിച്ചാണ് ചോറുണ്ണുക. അതു കഴിഞ്ഞ് പായസങ്ങള്‍ പഴവും പപ്പടവും ചേര്‍ത്ത് കഴിക്കും. തറയില്‍ പായ വിരിച്ച് അതില്‍ ഇല ഇട്ടു വേണം സദ്യ വിളമ്പാന്‍. 

click me!