തല്ലാനും കൊല്ലാനും ആത്മഹത്യ ചെയ്യാനുമൊരുങ്ങുന്നവരേ, കുതന്ത്രങ്ങളുടെ ബലിയാടാവരുത്

By Shiju RFirst Published Oct 17, 2018, 4:16 PM IST
Highlights

ശബരിമലയിൽ സ്ത്രീപ്രവേശനത്തിനെതിരെ ആത്മാഹുതിക്കൊരുങ്ങുന്ന ആദിവാസി സ്ത്രീയുടെ ചിത്രം. പേര് രത്നമ്മ. ആദിവാസികളുടെ ആരാധനാവകാശങ്ങൾ മുഴുവൻ ചവിട്ടിത്തൊഴിച്ച ബ്രാഹ്മണ്യത്തിന്റെ കുതന്ത്രങ്ങളുടെ കയററ്റത്താണ് തന്റെ കഴുത്തെന്ന് അവരറിയുന്നതേയില്ലല്ലോ. 

കേസും മാസങ്ങൾ നീണ്ട ജയിൽവാസവുമാണ് ഈ ചിത്രം അശോകിന് സമ്മാനിച്ചത്. തടവു കഴിഞ്ഞിറങ്ങിയ അശോകിനെ ആ കലാപകാലം, പക്ഷെ ഒട്ടും ആവേശം കൊള്ളിച്ചില്ല. അരമനകളിൽ ഉണ്ടുമുറങ്ങിയും സുഖിച്ചു കിടന്ന സവർണ നേതൃത്വം, തങ്ങളുടെ കയ്യിൽ ആയുധവും പണവും വച്ചു തന്ന്, ഒഴുക്കിയ ചോരപ്പുഴയുടെ ലാഭമുണ്ടാക്കിയത് ആരാണ് എന്നയാൾക്കറിയാം. മുസ്ലിങ്ങൾക്കെതിരായ കലാപത്തിൽ ദളിത് / ദരിദ്രരെ ഇളക്കിവിട്ടവർ വാസ്തവത്തിൽ ഞങ്ങളുടെ ബന്ധുക്കളല്ലെന്നും ചൂഷകരാണെന്നും അദ്ദേഹം തിരിച്ചറിയുന്നു.  ആ തിരിച്ചറിവ് അദ്ദേഹത്തെ ജിഗ്നേഷ് മേവാനിയുടെ 'ഉന ' പ്രക്ഷോഭത്തിലെത്തിക്കുന്നുണ്ട്. 

ഇത് മൂന്ന് ചിത്രങ്ങളാണ്. മൂന്ന് ചിത്രങ്ങള്‍ക്കും ഓരോ അനുഭവം പറയാനുണ്ട്, ചരിത്രവും. 

ചിത്രം ഒന്ന്: 
ആരും മറന്നുപോയിട്ടുണ്ടാവില്ല. രണ്ടായിരം മനുഷ്യരുടെ ജീവനും അതിലേറെ ജീവിതങ്ങളും നൂറുകണക്കിന് വർഷങ്ങൾ കൊണ്ട് കെട്ടിയുയർത്തിയ നാഗരികതയും കത്തിക്കരിഞ്ഞു പോയ ഗുജറാത്ത് കലാപകാലത്തെ ഒരു ചിത്രമാണിത്. അശോക് പാമർ എന്ന ഇദ്ദേഹം 'ചാമർ' സമുദായക്കാരനാണ്. വംശഹത്യക്കാർക്ക്  ആവേശവും സമാധാനപ്രേമികളിൽ ഭീതിയും പടർത്തുന്ന വിധം കലാപത്തിന്റെ ഐക്കണായി ഈ മനുഷ്യൻ മാറിയതിനു പിന്നിൽ ഇദ്ദേഹം പറഞ്ഞ ഒരു കഥയുണ്ട് . ദുരന്തമുഖത്താണെങ്കിലും  നിസ്സഹായമായ ചിരി പടർത്തുന്ന ഒരു പ്രണയനൈരാശ്യത്തിന്റെ കഥ. സ്വന്തമായി വീടും സ്ഥിരവരുമാനവുമില്ലാത്തതിനാൽ ഇയാളുടെ കാമുകി വേറൊരാളെ വിവാഹം ചെയ്തതിന്റെ തകർച്ചയിൽ നിൽക്കുമ്പോഴാണ് ഗുജറാത്തിൽ കലാപം നടക്കുന്നത്. അപ്പോഴാണ് ആരോ തലയിൽ ചുറ്റാൻ ഒരു കാവിത്തുണിയും കയ്യിൽ ഒരു ഇരുമ്പുദണ്ഡും കൊടുക്കുന്നത്. തന്റെ പ്രണയഭംഗത്തിലെ വ്യഥയും അമർഷവുമാണയാൾ അലറിത്തീർത്തിട്ടുണ്ടാവുക. സൂക്ഷിച്ചു നോക്കിയാൽ ജാതിഹിന്ദുത്വവും രാഷ്ട്രീയ സാമ്പത്തിക ഘടനയുമല്ലേ ആ പ്രണയത്തെ അപഹരിച്ചത്?

ആയുധവും പണവും വച്ചു തന്ന്, ഒഴുക്കിയ ചോരപ്പുഴയുടെ ലാഭമുണ്ടാക്കിയത് ആരാണ് എന്നയാൾക്കറിയാം
 

കേസും മാസങ്ങൾ നീണ്ട ജയിൽവാസവുമാണ് ഈ ചിത്രം അശോകിന് സമ്മാനിച്ചത്. തടവു കഴിഞ്ഞിറങ്ങിയ അശോകിനെ ആ കലാപകാലം, പക്ഷെ ഒട്ടും ആവേശം കൊള്ളിച്ചില്ല. അരമനകളിൽ ഉണ്ടുമുറങ്ങിയും സുഖിച്ചു കിടന്ന സവർണ നേതൃത്വം, തങ്ങളുടെ കയ്യിൽ ആയുധവും പണവും വച്ചു തന്ന്, ഒഴുക്കിയ ചോരപ്പുഴയുടെ ലാഭമുണ്ടാക്കിയത് ആരാണ് എന്നയാൾക്കറിയാം. മുസ്ലിങ്ങൾക്കെതിരായ കലാപത്തിൽ ദളിത് / ദരിദ്രരെ ഇളക്കിവിട്ടവർ വാസ്തവത്തിൽ ഞങ്ങളുടെ ബന്ധുക്കളല്ലെന്നും ചൂഷകരാണെന്നും അദ്ദേഹം തിരിച്ചറിയുന്നു.  ആ തിരിച്ചറിവ് അദ്ദേഹത്തെ ജിഗ്നേഷ് മേവാനിയുടെ 'ഉന ' പ്രക്ഷോഭത്തിലെത്തിക്കുന്നുണ്ട്. 

ചിത്രം രണ്ട്: 
ഉനസമരവേദിയിലേതാണ് ഈ ചിത്രം.  അതിനോടും അദ്ദേഹം അധികാലമൊത്തുപോയില്ലെങ്കിലും നരേന്ദ്രമോദിയിലോ മാറിയ ഹൈടെക് ഗുജറാത്തിലോ ചാമർ അടക്കമുള്ള കീഴാള വിഭാഗങ്ങൾക്ക് എന്തെങ്കിലും ഇടമില്ലെന്നും തങ്ങൾ വഞ്ചിതരായ ഒരു ജനതയാണെന്നും അദ്ദേഹത്തിനറിയാം. തന്നെത്തേടിയെത്തുന്ന മാധ്യമകൗതുകങ്ങളോട്  മറയില്ലാതെ ആ ബോധ്യം പങ്കുവച്ച് അയാളിന്നും ഗോധ്രയിലെ തെരുവിലുണ്ട്. രണ്ടായിരം മനുഷ്യരുടെ ചോര വേണ്ടി വന്നു ആ ബോദ്ധ്യത്തിന് എന്നത് ചരിത്രത്തിന്റെ ഒരു ദുരന്തമാവാം . 

ബ്രാഹ്മണ്യത്തിന്‍റെ കുതന്ത്രങ്ങളുടെ കയററ്റത്താണ് തന്റെ കഴുത്തെന്ന് അവരറിയുന്നതേയില്ല

ചിത്രം മൂന്ന്: 
ശബരിമലയിൽ സ്ത്രീപ്രവേശനത്തിനെതിരെ ആത്മാഹുതിക്കൊരുങ്ങുന്ന ആദിവാസി സ്ത്രീയുടെ ചിത്രം. പേര് രത്നമ്മ. ആദിവാസികളുടെ ആരാധനാവകാശങ്ങൾ മുഴുവൻ ചവിട്ടിത്തൊഴിച്ച ബ്രാഹ്മണ്യത്തിന്റെ കുതന്ത്രങ്ങളുടെ കയററ്റത്താണ് തന്റെ കഴുത്തെന്ന് അവരറിയുന്നതേയില്ലല്ലോ. ഇത് അവരുടെ മാത്രം കുഴപ്പമല്ല. ന്യൂസ് മുറിത്തണുപ്പിലും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുമിരുന്ന് മുഖത്തെ ചായത്തിനും ചമയത്തിനും ഉലച്ചിൽ തട്ടാതെ, കസവുടയാടകളുലയാതെ കലാപങ്ങൾക്കും കത്തിച്ചാമ്പലാവാനും ഉപദേശിക്കുന്ന നേതൃപ്രമാണിത്തത്തെയും ആ ആഹ്വാനം കേട്ട് തെരുവിൽ മഴകൊണ്ട് കൊല്ലാനും ചാവാനും നിൽക്കുന്ന സാധാരണ മനുഷ്യരെയും കണ്ടപ്പോൾ അശോക് പാമറിനെ ഓർത്തു പോയി. 

എത്ര മനുഷ്യരുടെ ചോരയിൽ ചവിട്ടിയാകും നമ്മൾ!


 

click me!