Chess Olympiad 2022 : ചെസ് ഒളിംപ്യാഡ് ദീപശിഖാ റാലി തിരുവനന്തപുരത്ത്; ആവേശോജ്വല സ്വീകരണം

Published : Jul 22, 2022, 05:25 PM ISTUpdated : Jul 22, 2022, 05:31 PM IST
Chess Olympiad 2022 : ചെസ് ഒളിംപ്യാഡ് ദീപശിഖാ റാലി തിരുവനന്തപുരത്ത്; ആവേശോജ്വല സ്വീകരണം

Synopsis

ഗ്രാന്‍ഡ് മാസ്റ്റര്‍ വിഷ്ണു പ്രസന്നയില്‍ നിന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ ദീപശിഖ ഏറ്റുവാങ്ങി മന്ത്രി ആന്റണി രാജുവിനു കൈമാറി.

തിരുവനന്തപുരം: ഈ മാസം 28 മുതല്‍ തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് ആരംഭിക്കുന്ന ഫിഡെ ലോക ചെസ് ഒളിംപ്യാഡിന്(44th Chess Olympiad) മുന്നോടിയായുള്ള ദീപശിഖാ റാലിക്ക് തിരുവനന്തപുരത്ത് ആവേശോജ്വലമായ സ്വീകരണം നല്‍കി. ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്തു. വി.കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷനായി. ഗ്രാന്‍ഡ് മാസ്റ്റര്‍ വിഷ്ണു പ്രസന്നയില്‍ നിന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ ദീപശിഖ ഏറ്റുവാങ്ങി മന്ത്രി ആന്റണി രാജുവിനു കൈമാറി. 

സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, നെഹ്‌റു യുവകേന്ദ്ര ഡയറക്ടര്‍ കെ. കുഞ്ഞഹമ്മദ്, നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ ബി. അലി സബ്രിന്‍, സായ് എല്‍എന്‍സിപി പ്രിന്‍സിപ്പാള്‍ ജി. കിഷോര്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം റീജിണല്‍ ഡയറക്ടര്‍ ജി.ശ്രീധര്‍, ചെസ് അസോസിയേഷന്‍ കേരള പ്രസിഡന്റ് രാജേഷ്.ആര്‍, ചെസ് അസോസിയേഷന്‍ കേരള ജോയിന്റ് ഡയറക്ടര്‍ രാജേന്ദ്രന്‍ ആചാരി, ചെസ് താരം ഗൗതം കൃഷ്ണ തുടങ്ങിയവരും തലസ്ഥാനത്തെ വിവിധ കൊളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ചെസ് താരങ്ങളും പരിശീലകരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനു ശേഷം സംഘടിപ്പിച്ച പ്രദര്‍ശന മത്സരത്തില്‍ ചെസ് താരം ഗൗതം കൃഷ്ണ ഒരേ സമയം 20 ചെസ് വിദ്യാര്‍ഥികളുമായി ഏറ്റുമുട്ടി. 

ചെസ് ഒളിംപ്യാഡിന്റെ ചരിത്രത്തില്‍ ആദ്യമായാണു ദീപശിഖാ റാലി സംഘടിപ്പിക്കുന്നത്. ജൂണ്‍ 19ന് ഡല്‍ഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിനു ദീപശിഖ കൈമാറിയാണ് റാലി ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ 75 കേന്ദ്രങ്ങളിലൂടെ റാലി കടന്നുപോകും. തൃശൂരിലെ ചെസ് ഗ്രാമമായ മരോട്ടിച്ചാലില്‍ നല്‍കിയ സ്വീകരണത്തിനു ശേഷമാണ് ദീപശിഖാ റാലി തലസ്ഥാനത്തെത്തിയത്. തലസ്ഥാനത്തെ സ്വീകരണത്തിനു ശേഷം തിരുപ്പതിയിലേക്ക് യാത്ര തിരിച്ചു. ഈ മാസം 27ന് റാലി ചെന്നൈയില്‍ എത്തും. 28 മുതല്‍ ഓഗസ്റ്റ് 10വരെയാണ് ചെസ് ഒളിംപ്യാഡ് സംഘടിപ്പിക്കുന്നത്. 

നോര്‍വ്വേയില്‍ നിന്നുള്ള ലോക ചെസ് ചാംപ്യന്‍ മാഗ്നസ് കാള്‍സണ്‍ അടക്കം 187 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ഒളിംപ്യാഡില്‍ പങ്കെടുക്കുന്നുണ്ട്. മലയാളി താരങ്ങളായ എസ്.എല്‍. നാരായണനും, നിഹാല്‍ സരിനും ഒളിംപ്യാഡില്‍ മാറ്റുരക്കും. കേന്ദ്ര കായിക യുവജനകാര്യം മന്ത്രാലയവും സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും നെഹ്‌റു യുവകേന്ദ്രയും ചെസ് അസോസിയേഷന്‍ കേരളയും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും സായ് എല്‍എന്‍സിപിയും നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായാണ് തിരുവനന്തപുരത്തെ സ്വീകരണം സംഘടിപ്പിച്ചത്. 

ചെസ് ഒളിംപ്യാഡ്: ദീപശിഖാ പ്രയാണത്തിന് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി