ബർമിംഗ്ഹാമിൽ നടക്കുന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ഫെബ്രുവരി 28 ശനിയാഴ്ച സിന്ധു ദുബായിൽ കുടുങ്ങിയത്.

ബംഗളൂരു: യുഎസ്-ഇസ്രായേൽ സൈന്യം ഇറാനിൽ നടത്തിയ ബോംബാക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷാവസ്ഥയിൽ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ ഇന്ത്യൻ ബാഡ്മിന്‍റൺ ഇതിഹാസം പി.വി. സിന്ധു നാട്ടിൽ തിരിച്ചെത്തി. ബംഗളൂരുവിലെ തന്‍റെ വീട്ടിൽ സുരക്ഷിതയായി എത്തിയ വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബർമിംഗ്ഹാമിൽ നടക്കുന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ഫെബ്രുവരി 28 ശനിയാഴ്ച സിന്ധു ദുബായിൽ കുടുങ്ങിയത്. ഇറാനുമായുള്ള യുദ്ധം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ വ്യോമപാതകൾ അടച്ചതാണ് സിന്ധുവിന്‍റെ യാത്ര തടസപ്പെടുത്തിയത്.

താമസിച്ചിരുന്ന സ്ഥലത്തിന് തൊട്ടടുത്ത് സ്ഫോടനം നടന്നത് കടുത്ത ഭീതിയുണ്ടാക്കിയെന്ന് സിന്ധു വെളിപ്പെടുത്തി. സ്ഫോടനത്തെത്തുടർന്നുണ്ടായ പുകയും അവശിഷ്ടങ്ങളും സിന്ധുവിന്‍റെ പരിശീലകൻ ഇർവാൻസ്യയുടെ തൊട്ടടുത്താണ് പതിച്ചത്. തുടർന്ന് ഇന്ത്യൻ ഹൈക്കമ്മീഷന്‍റെയും ദുബായ് വിമാനത്താവള അധികൃതരുടെയും സഹായത്തോടെ താരത്തെയും സംഘത്തെയും സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയായിരുന്നു.

Scroll to load tweet…

കഴിഞ്ഞ കുറച്ചുദിവസങ്ങൾ അങ്ങേയറ്റം ആശങ്കാജനകമായിരുന്നു. എങ്കിലും സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്താനായതിൽ സന്തോഷമുണ്ട്. കടുത്ത പ്രതിസന്ധിഘട്ടത്തിൽ ഞങ്ങളെ സംരക്ഷിച്ച ദുബായ് അധികൃതർക്കും എയർപോർട്ട് സ്റ്റാഫിനും ഇന്ത്യൻ ഹൈക്കമ്മീഷനും നന്ദി പറയുന്നു. ഇപ്പോൾ കുറച്ചുനാൾ വിശ്രമിക്കാനാണ് തീരുമാനം. അതിനുശേഷം ഭാവിപരിപാടികളെക്കുറിച്ചാലോചിക്കുമെന്ന് സിന്ധു പറഞ്ഞു.

ഇന്ന് ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിലെ ആദ്യ റൗണ്ടിൽ തായ്‌ലൻഡിന്റെ സുപനിദ കേതതോങ്ങുമായിട്ടായിരുന്നു സിന്ധുവിന്‍റെ മത്സരം. എന്നാൽ യാത്ര തുടരാനാകാത്ത സാഹചര്യത്തിൽ സിന്ധു ടൂർണമെന്‍റിൽ നിന്ന് പിന്മാറി. സിന്ധുവിന്‍റെ അഭാവത്തിൽ ലക്ഷ്യ സെൻ, ആയുഷ് ഷെട്ടി എന്നിവരായിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക. ഇവർ മറ്റ് റൂട്ടുകളിലൂടെ നേരത്തെ ബർമിംഗ്ഹാമിൽ എത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക