Latest Videos

ഒളിംപിക് വാല്യൂസ് എഡ്യൂക്കേഷണല്‍ പ്രോഗ്രാം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി ഒഡീഷ സര്‍ക്കാര്‍

By Web TeamFirst Published May 21, 2022, 4:16 PM IST
Highlights

ആദ്യ വര്‍ഷം ഭുവനേശ്വര്‍, റൂര്‍ക്കേല നഗരങ്ങളിലെ 90 സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കും. 32,000 വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഉപയോഗപ്പെടുക. വരും വര്‍ഷങ്ങളില്‍ ഏഴ് ദശലക്ഷം കുട്ടികളിലേക്ക് എത്തിക്കും.

ഭുവനേശ്വര്‍: ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിയുടെയും (ഐഒസി) അഭിനവ് ബിന്ദ്ര ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെയും (എബിഎഫ്ടി) പങ്കാളിത്തത്തോടെ തയ്യാറാക്കിയ ഒളിംപിക് വാല്യൂസ് എഡ്യൂക്കേഷണല്‍ പ്രോഗ്രാം (ഒവിഇപി) സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ഒഡീഷ സര്‍ക്കാര്‍. ലോഞ്ച് ഇവന്റ് ചൊവ്വാഴ്ച്ച നടക്കുമെന്ന് ബിന്ദ്ര ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഉദാസീനമായ ജീവിതശൈലി, ഏകാഗ്രതയുടെ അഭാവം, കൗമാരക്കാര്‍ സ്‌കൂള്‍ വിട്ടുപോകുന്നതിനെയുമെല്ലാം നേരിടാന്‍ ഈ  പദ്ധതി സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതോടൊപ്പം കായികപരമായ പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കാനും സാമൂഹികവും വൈജ്ഞാനികവും ശാരീരികവുമായ കഴിവുകള്‍ നേടാനും കഴിയുന്ന തരത്തിലാണ് പദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളത്.

ആദ്യ വര്‍ഷം ഭുവനേശ്വര്‍, റൂര്‍ക്കേല നഗരങ്ങളിലെ 90 സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കും. 32,000 വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഉപയോഗപ്പെടുക. വരും വര്‍ഷങ്ങളില്‍ ഏഴ് ദശലക്ഷം കുട്ടികളിലേക്ക് എത്തിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഘട്ടം ഘട്ടമായി പദ്ധതി വ്യാപിപ്പിക്കും. അതുവഴി ഒളിപിംക് മൂല്യങ്ങള്‍ ഏറ്റെടുക്കാന്‍ യുവാക്കളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

''ഈ മാസം 24നാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ഒഡീഷ മുഖ്യമന്ത്രി, നവീന്‍ പട്നായിക്, വിദ്യാഭ്യാസ മന്ത്രി സമീര്‍ രഞ്ജന്‍ ദാഷ്, ഒളിംപിക് എജ്യുക്കേഷന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ മൈക്കേല കൊജുവാങ്കോ ജാവോര്‍സ്‌കി, ഐഒസി അംഗം നിത അംബാനി, ഐഒഎ പ്രസിഡന്റ് നരീന്ദര്‍ ധ്രുവ് ബത്ര, ഒളിംപിക് ഫൗണ്ടേഷന്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ചേഞ്ച് ഡയറക്ടര്‍ ആഞ്ജലിറ്റ ടിയോ, എസ് ആന്‍ഡ് എംഇ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഭിഷ്ണുപാദ സേഥി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുക്കും. ലോഞ്ചിന്റെ ഭാഗമായി, തിരഞ്ഞെടുത്ത ഏതാനും ഒഡീഷ ഒളിംപ്യന്മാര്‍ അവരുടെ യാത്രയില്‍ സൗഹൃദം, മികവ്, ബഹുമാനം എന്നിവയുടെ ഈ മൂല്യങ്ങള്‍ എങ്ങനെ പങ്കുവഹിച്ചു എന്നതുമായി ബന്ധപ്പെട്ട് അവരുടെ അനുഭവങ്ങള്‍ വിവരിക്കും'' എന്നും ബിന്ദ്ര ഫൗണ്ടേഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 

ഇന്ത്യയിലെ മൂല്യവിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി എബിഎഫ്ടി ഇന്ത്യയിലുടനീളം വെബിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് എബിഎഫ്ടി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ''ഗവണ്‍മെന്റും പ്രാദേശിക പങ്കാളികളും ചേര്‍ന്ന് ഭാഗമാകുന്ന പദ്ധതിയാണ് ഒവിഇപി. മറ്റു രാജ്യങ്ങളെ കൂടാ െഒളിംപിക് കമ്മിറ്റിയുടെ പിന്തുണയും പദ്ധതിക്ക് ലഭിച്ചു. ബിന്ദ്ര ഫൗണ്ടേഷന്‍ അവരുമായി സഹകരിക്കുകയും പിന്നീട് ഒഡീഷ സര്‍ക്കാരുമായി ഒരു മെമ്മോറാണ്ടം ഒപ്പുവെക്കുകയുമായിരുന്നു. ആദ്യ വര്‍ഷം തന്നെ ഏകദേശം 90 സ്‌കൂളുകളില്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. 

ഒളിംപിക് സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ പദ്ധതി സഹായിക്കും. ബിന്ദ്ര ഫൗണ്ടേഷന്‍ ശ്രദ്ധിക്കുന്നത്  വ്യത്യസ്ത പ്രദേശങ്ങളിലെ ജനപ്രിയ പ്രാദേശികവും തദ്ദേശീയവുമായ കായിക വിനോദങ്ങളെ ഉപയോഗപ്പെടുത്തുന്നതിലാണ്. ഉദാഹരണത്തിന് റൂര്‍ക്കേല മേഖലയിലെ ഏറ്റവും ജനപ്രിയമായ കായിക വിനോദം കബഡിയാണ്. അതിലായിരിക്കും നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്''-എബിഎഫ്ടി പ്രതിനിധി പറഞ്ഞുനിര്‍ത്തി.

click me!