അദ്ദേഹം പൂർണ്ണമായി പഴയ നിലയിലേക്ക് എത്തിയെന്നല്ല ഇതിനർത്ഥം, പക്ഷേ കിടക്കയിൽ നിന്ന് വീൽചെയറിലേക്ക് മാറാൻ സാധിക്കുന്നത് വലിയൊരു പുരോഗതിയാണെന്ന് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിപ്പിച്ചു.

ജനീവ: ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ നിർണ്ണായകമായ പുരോഗതിയെന്ന് റിപ്പോർട്ട്. 2013-ൽ ഫ്രഞ്ച് ആൽപ്‌സിൽ വെച്ചുണ്ടായ സ്കീയിംഗ് അപകടത്തിന് ശേഷം ദീർഘകാലമായി കോമയിലായി കിടപ്പിലായിരുന്ന താരത്തിന്, ഇപ്പോൾ വീൽചെയറിൽ ഇരിക്കാൻ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 12 വർഷമായി ഒരു മുറിക്കുള്ളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഷൂമാക്കർ ഇപ്പോൾ കിടപ്പിലല്ലെന്നും, വീൽചെയറിന്‍റെ സഹായത്തോടെ സ്വിറ്റ്‌സർലൻഡിലെയും മയ്യോർക്കയിലെയും തന്‍റെ വസതികളിൽ ചുറ്റിക്കറങ്ങാൻ സാധിക്കുന്നുണ്ടെന്നും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. 57-കാരനായ ഷൂമാക്കറെ പരിചരിക്കാൻ ഡോക്ടർമാരും തെറാപ്പിസ്റ്റുകളും ഉൾപ്പെടെയുള്ള ഒരു വലിയ മെഡിക്കൽ സംഘം 24 മണിക്കൂറും അദ്ദേഹത്തോടൊപ്പമുണ്ട്.

അദ്ദേഹം പൂർണ്ണമായി പഴയ നിലയിലേക്ക് എത്തിയെന്നല്ല ഇതിനർത്ഥം, പക്ഷേ കിടക്കയിൽ നിന്ന് വീൽചെയറിലേക്ക് മാറാൻ സാധിക്കുന്നത് വലിയൊരു പുരോഗതിയാണെന്ന് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിപ്പിച്ചു. അദ്ദേഹത്തിന് ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു പരിധിവരെ ധാരണയുണ്ടെന്ന് തോന്നുന്നു. സംസാരിക്കാൻ സാധിക്കുന്നില്ലെങ്കിലും, തന്റെ ചുറ്റുപാടുകളോട് അദ്ദേഹം പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. നേരത്തെ അദ്ദേഹം കണ്ണ് ചിമ്മിക്കൊണ്ടാണ് ആശയവിനിമയം നടത്തുന്നതെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും, പുതിയ വിവരങ്ങൾ ആരാധകർക്ക് ചെറിയ തോതിലെങ്കിലും പ്രതീക്ഷ നൽകുന്നതാണ്. 1995-ൽ വിവാഹിതരായ ഭാര്യ കൊറീനയാണ് ഷൂമാക്കറുടെ ചികിത്സക്കും പരിചരണത്തിനും നേതൃത്വം നൽകുന്നത്.

2012-ൽ വിരമിക്കുന്നതിന് മുമ്പ് ഏഴ് തവണ ലോക കിരീടം ചൂടിയ ഷൂമാക്കർ, 91 റേസുകളിൽ വിജയിച്ച് ഫോർമുല വണ്ണിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് അറിയപ്പെടുന്നത്.2000 മുതൽ 2004 വരെ തുടർച്ചയായി 5 തവണ ലോക കിരീടം നേടി. ഈ റെക്കോർഡ് ഇന്നും തകർക്കപ്പെടാതെ നിൽക്കുന്നു. 2013 ഡിസംബർ 29-നാണ് താരത്തിന്‍റെ ജീവിതം മാറ്റിമറിച്ച അപകടം സംഭവിച്ചത്. 2013-ൽ ഫ്രഞ്ച് ആൽപ്‌സിൽ സ്കീയിംഗ് നടത്തുന്നതിനിടെ ഒരു പാറയിൽ തലയിടിച്ചാണ് ഷൂമാക്കർക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് ഹെൽമറ്റ് ധരിച്ചിരുന്നതുകൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. 250 ദിവസത്തോളം കോമയിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക