കാത്തിരിപ്പിനൊടുവിൽ സർക്കാർ ജോലി; എം.ഡി താരയുടെ സ്വപ്നം പൂവണിയുന്നു

By Web TeamFirst Published Feb 19, 2020, 8:23 PM IST
Highlights

പാലക്കാട് പറളി സ്കൂളിന്‍റെ പേരും പെരുമയും വാനോളം ഉയർത്തിയ താരമാണ് എംഡി താര. ആ വിദ്യാലയവും പരീശീലകനായിരുന്ന മനോജും നൽകിയ പിന്തുണയാണ് സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ തുണയായെതെന്ന് എംഡി താര ഓർത്തെടുക്കുന്നു.

പാലക്കാട്: രാജ്യാന്തര കായിക വേദികളിൽ മലയാളികളുടെ അഭിമാനമായിരുന്ന എം.ഡി താരയുടെ സ്വപ്നം പൂവണിയുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നാളെ സർക്കാർ ജോലിക്ക് വേണ്ടിയുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് താരം കൈപറ്റും.

ദേശീയ സംസ്ഥാന സ്കൂൾ മീറ്റുകളിലായി 18 സ്വർണമെഡലുകളാണ് എംഡി താരയെന്ന ദീർഘദൂര ഓട്ടക്കാരി നേടിയെടുത്തത്. യൂത്ത് കോമൺവെൽത്ത് ഗെയിംസ്, വേൾഡ് യൂനിവേഴ്സിറ്റി മീറ്റ് തുടങ്ങിയ രാജ്യാന്തര മേളകളിലും പങ്കെടുത്തു. കരിയറിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും അവഗണന നേരിടുന്ന കായിക താരങ്ങളുടെ പ്രതിനിധിയായിരുന്നു ഇത്രയും കാലം ഈ പാലക്കാട്ടുകാരി. സർക്കാർ ജോലിയെന്ന വാഗ്ദാനം ലഭിച്ചിട്ട് അഞ്ച് വർഷങ്ങൾ പിന്നിട്ടാണ് അർഹതക്കുള്ള അംഗീകാരം താരത്തെ തേടിയെത്തിയത്. വിദ്യാഭ്യസ വകുപ്പിലേക്കാണ് എം.ഡി താരയെ സർക്കാർ നിയമിക്കാൻ ഒരുങ്ങുന്നത്.

പാലക്കാട് പറളി സ്കൂളിന്‍റെ പേരും പെരുമയും വാനോളം ഉയർത്തിയ താരമാണ് എംഡി താര. ആ വിദ്യാലയവും പരീശീലകനായിരുന്ന മനോജും നൽകിയ പിന്തുണയാണ് സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ തുണയായെതെന്ന് എംഡി താര ഓർത്തെടുക്കുന്നു.

അഞ്ചു വർഷമായി ചുവപ്പ് നാടയിൽ കുരുങ്ങി കിടന്ന 195 കായിക താരങ്ങൾക്കാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ സർക്കാർ ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറുന്നത്.

click me!